സ്മാർട്ട് മീറ്റർ നടപടികൾ ഇഴയുന്നു
text_fieldsപാലക്കാട്: സ്മാർട്ട് മീറ്റർ കേരള മോഡലിന്റെ ടെൻഡർ നടപടികൾ എങ്ങുമെത്തിയില്ല. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആറ് കമ്പനികളുടെ യോഗ്യതറിപ്പോർട്ട് തയാറാക്കൽ ഇതുവരെ പൂർത്തിയായിട്ടില്ല. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് അറിയുന്നത്. ഇതിനുശേഷമാണ് ഈ കമ്പനികൾ ക്വാട്ട് ചെയ്ത തുക പരിശോധിക്കുക. കമ്പനിയെ തെരഞ്ഞെടുത്താലും മീറ്റർ സജ്ജീകരിക്കാൻ ഒരു മാസമെങ്കിലും കാത്തിരിക്കേണ്ടിവരും.
2026 ഡിസംബറിനുള്ളിൽ ആദ്യഘട്ടമായി മൂന്നുലക്ഷം സ്മാർട്ട് മീറ്ററുകൾ സജ്ജീകരിക്കുമെന്നാണ് കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്. എന്നാൽ, 2026നകം മുഴുവൻ സ്മാർട്ട് മീറ്ററുകളും സജ്ജീകരിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുഴുവൻ ചെലവും കെ.എസ്.ഇ.ബി ഏറ്റെടുക്കും വിധം കാപക്സ് മാതൃകയിലാണ് സ്മാർട്ട് മീറ്ററുകൾക്ക് ടെൻഡർ ക്ഷണിച്ചത്. സർക്കാർ ഉപഭോക്താക്കൾ, എച്ച്.ടി ഉപഭോക്താക്കൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ മീറ്ററുകൾ സജ്ജമാക്കുക. 2023 ഏപ്രിലിൽ കേന്ദ്രം നിർദേശിച്ച ടോട്ടെല് എക്സ്പെന്ഡിച്ചര് അഥവാ ടോട്ടെക്സ് മാതൃകയിൽ 37 ലക്ഷം സ്മാർട്ട് മീറ്ററുകൾക്ക് ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിത ചെലവിനേക്കാളും 44.8 ശതമാനത്തിനു മുകളിലായിരുന്നു ലേലത്തുകയെന്നതിനാൽ തുടർനടപടികളുണ്ടായില്ല. തുടർന്ന് ടോട്ടെക്സ് മാതൃക ഒഴിവാക്കി, സബ്സിഡി കഴിഞ്ഞുള്ള തുക കെ.എസ്.ഇ.ബി വഹിക്കുംവിധം വീണ്ടും ടെൻഡർ ക്ഷണിക്കുകയായിരുന്നു.
2025 മാർച്ചിനകം എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ ലഭ്യമാക്കണമെന്നായിരുന്നു കേന്ദ്ര വൈദ്യുതി അതോറിറ്റി നിർദേശം. ഇതിന്റെ ഭാഗമായി 2018 ആഗസ്റ്റിൽ സ്മാർട്ട്മീറ്റർ സ്ഥാപിക്കാനുള്ള റോഡ് മാപ്പ് ഉൾപ്പെടെ പ്രസിദ്ധീകരിച്ചു. 2021ലെ കേന്ദ്ര ബജറ്റിൽ സ്മാർട്ട് മീറ്റർ ഉൾക്കൊള്ളുന്ന എ.എം.ഐ പദ്ധതിക്കായി മൂന്നു ലക്ഷം കോടിയുടെ പദ്ധതിരേഖയും വൈദ്യുതി വിതരണ ചുമതലയുള്ളവർക്ക് ഒരു ലക്ഷം കോടിയിലധികം ബജറ്റ് സഹായവും അനുവദിച്ചു. മറ്റു സംസ്ഥാനങ്ങൾ സ്മാർട്ട് മീറ്ററുകൾ സജ്ജമാക്കുന്ന പ്രവർത്തനം ഏറ്റെടുത്തെങ്കിലും സംസ്ഥാനം മുഖംതിരിക്കുകയായിരുന്നു.
അധികഭാരം ഉണ്ടാക്കില്ല -കെ.എസ്.ഇ.ബി
സ്മാർട്ട് മീറ്റർ നടപ്പാക്കാതിരിക്കുന്നത് ഉപഭോക്താക്കൾക്ക് അധികഭാരം ഉണ്ടാക്കില്ലെന്ന് കെ.എസ്.ഇ.ബി. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ സർക്കാർ നിഷ്ക്രിയത്വം സ്വീകരിക്കുന്നതായി കാണിച്ച് കേരള ഡൊമസ്റ്റിക് സോളാർ പ്രൊസ്യൂമേഴ്സ് കമ്യൂണിറ്റി ( കെ.ഡി.എസ്.പി.സി) മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് കെ.എസ്.ഇ.ബിയുടേതായി നൽകിയ മറുപടിയിലാണ് ഈ പരാമർശമുള്ളത്. ‘കാപക്സ് മാതൃകയിലുള്ള സ്മാർട്ട് മീറ്റർ ഗാർഹിക ഉപഭോക്താക്കളിൽ വലിയ വിഭാഗം പ്രതിമാസം 100 യൂനിറ്റിൽ താഴെ ഉപയോഗിക്കുന്നവരും ഊർജനിരീക്ഷണം ആവശ്യമില്ലാത്തവരുമാണെന്ന് കെ.എസ്.ഇ.ബി ചീഫ് എൻജിനീയറുടെ മറുപടിയിൽ വിശദീകരിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.