സ്മാർട്ട് മീറ്റർ: ടെൻഡർ ക്ഷണിച്ച് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടകളുടെ ഭാഗമായി കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിച്ചു. മീറ്ററുകളുടെ വിതരണവും അറ്റകുറ്റപ്പണിയുമടക്കം നിർവഹിക്കാവുന്ന കമ്പനികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചത്. ആഗസ്റ്റ് ഒമ്പതുവരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള തീയതി.
നടപടികൾ പൂർത്തിയാക്കി സെപ്റ്റംബറിൽ കരാർ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മീറ്ററുകൾ സ്ഥാപിക്കുന്നതിന് 18 മാസത്തെയും ഓപറേഷൻ മെയിന്റനൻസ് എന്നിവക്ക് 72 മാസത്തെയും കരാർ നൽകാനാണ് തീരുമാനം.
സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ ആദ്യം ലക്ഷ്യമിട്ട ടോട്ടെക്സ് രീതിക്ക് ബദലായി കാപെക്സ് രീതിയാണ് നടപ്പാക്കുക. 2023ൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും കഴിഞ്ഞ മേയിലാണ് ഭരണാനുമതി നൽകിയത്. കരാർ കമ്പനി ചെലവ് മുഴുവൻ വഹിക്കുകയും പിന്നീട് തിരിച്ച് ഈടാക്കുകയും ചെയ്യുന്ന കേന്ദ്രം നിർദേശിച്ച ടോട്ടെക്സ് രീതിക്കെതിരെ വലിയ എതിർപ്പ് കെ.എസ്.ഇ.ബിയിലെ ഭരണപക്ഷ സംഘടനടകളടക്കം ഉയർത്തിയിരുന്നു. ഇതിന് ബദലായാണ് ബില്ലിങ്ങും അനുബന്ധ സേവനങ്ങളും കെ.എസ്.ഇ.ബി നിയന്ത്രണത്തിൽതന്നെയാക്കുന്ന കാപെക്സ് രീതി നടപ്പാക്കുന്നത്.
സിസ്റ്റം മീറ്ററുകൾ, സർക്കാർ ഉപഭോക്താക്കളുടെ മീറ്ററുകൾ, എച്ച്.ടി ഉപഭോക്താക്കളുടെ മീറ്ററുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. മൂന്നു ലക്ഷത്തോളം മീറ്ററുകൾ ആദ്യഘട്ടത്തിൽ സജ്ജമാവും. 37 ലക്ഷം സ്മാർട്ട് മീറ്ററുകൾ ടോട്ടക്സ് അടിസ്ഥാനത്തിൽ ടെൻഡർ ചെയ്യാനായിരുന്നു ആദ്യം കെ.എസ്.ഇ.ബി തീരുമാനം. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് കാപെക്സ് രീതിയിലേക്ക് മാറാനുള്ള തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.