സ്മാർട്ട് മീറ്റർ പൊതുമേഖല സ്ഥാപനം വഴി നിർമിക്കണം -എളമരം കരീം
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് ആവശ്യമായ സ്മാർട്ട് മീറ്ററുകൾ സി-ഡാക്കിന്‍റെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പൊതുമേഖല സ്ഥാപനം വഴി നിർമിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് ഇലക്ട്രിക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് എളമരം കരീം എം.പി ആവശ്യപ്പെട്ടു. അദാനിയെപ്പോലുള്ള കോർപറേറ്റുകൾക്ക് കമ്പോളമൊരുക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ ടോട്ടക്സ് മാതൃകയിൽ നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.
കെ.എസ്.ഇ.ബിയിലെ കാലോചിത പരിഷ്കാരങ്ങൾക്ക് ഉദ്യോഗസ്ഥരോ ജീവനക്കാരോ എതിരല്ല. എന്നാൽ, ഇതിലൂടെ കെ.എസ്.ഇ.ബിയെ സ്വകാര്യവത്കരിക്കാനും സ്മാർട്ട് മീറ്ററിന്‍റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനും അനുവദിക്കില്ല. സ്മാർട്ട് മീറ്റർ നടപ്പാക്കിയില്ലെങ്കിൽ 3600 കോടിയോളം രൂപയുടെ കേന്ദ്രസഹായം സംസ്ഥാനത്തിന് നഷ്ടമാകുമെന്നാണ് മുൻ ചെയർമാൻ പറയുന്നത്. എന്നാൽ, ഒരു സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 900 രൂപയാണ് കേന്ദ്രം സബ്സിഡിയായി നൽകുന്നത്.
അതും മീറ്റർ സ്ഥാപിക്കുന്ന സ്വകാര്യ കമ്പനിക്കാണ്. ഒരു സ്മാർട്ട് മീറ്ററിന് ടെൻഡറിൽ പങ്കെടുത്ത കമ്പനികൾ ആവശ്യപ്പെടുന്നത് 9600ഓളം രൂപയാണ്. സബ്സിഡി കഴിച്ചുള്ള തുക ഉപഭോക്താവ് നൽകേണ്ടിവരും. സ്വകാര്യ കമ്പനി നൽകുന്ന സാങ്കേതികവിദ്യതന്നെയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ സിഡാക്കും വികസിപ്പിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയുപയോഗിച്ച് പൊതുമേഖല സ്ഥാപനം വഴി മീറ്റർ നിർമിക്കുകയാണെങ്കിൽ ഏകദേശം 2800 രൂപമാത്രമേ ഉപഭോക്താവിന് ആകൂവെന്നും എളമരം കരീം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈദ്യുതി നിയമഭേദഗതി പാർലമെന്‍റിൽ പാസാക്കുള്ള കേന്ദ്ര സർക്കാറിന്‍റെ ശ്രമം ഏകപക്ഷീയമാണെന്ന് ജനറൽ സെക്രട്ടറി പ്രശാന്ത നന്ദി ചൗധരി പറഞ്ഞു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ തിരുവനന്തപുരത്ത് രണ്ടുദിവസമായി ചേർന്ന ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദ്വിദിന വർക്കിങ് യോഗം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.