കരിപുരണ്ട തൊഴിൽ, കര പറ്റാത്ത ജീവിതം; കൊല്ലപ്പണിക്കാർക്ക് നരകയാതന
text_fieldsകോട്ടായി: എന്നും പരാധീനതകൾക്ക് നടുവിൽ ജീവിതം തള്ളിനീക്കുന്ന കൊല്ലപ്പണിക്കാർക്ക് ഒരുകാലത്തും സമൃദ്ധമായി ഓണമുണ്ണാനുള്ള വക കൈയിൽ ഒക്കാറില്ലെന്ന് പരാതി.
15 വർഷം മുമ്പുവരെ അതത് ദിവസത്തെ പണികൊണ്ട് അഷ്ടിക്ക് വക കണ്ടെത്താൻ സാധിച്ചിരുന്നത് ഇപ്പോൾ അതിനുപോലും പെടാപാടാണ്. കൊല്ലപ്പണിക്ക് അത്യാവശ്യ സാധനസാമഗ്രികളാണ് ഇരുമ്പും മരക്കരിയും. രണ്ടിനും നിയന്ത്രണമില്ലാത്ത വിലക്കയറ്റമാണുണ്ടായതെന്ന് പറയുന്നു.
ഇരുമ്പിന്റെ വില 15 വർഷം മുമ്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയോളം വർധിച്ചു. അന്ന് ഒരു പാട്ടമരക്കരിക്ക് 150 രൂപയുണ്ടായിരുന്നത് 280 രൂപയാണ് ഇന്നത്തെ വില. എന്നാൽ ഉരുപ്പടികൾക്കാണെങ്കിൽ കാര്യമായ കൂലി വർധിച്ചിട്ടുമില്ല. ജീവിതം കരിയും പുകയും നിറഞ്ഞ ആലയിൽ തളച്ചിട്ട കൊല്ലപ്പണിക്കാർ ആരോഗ്യം അൽപം ക്ഷയിക്കുന്നതോടെ നിത്യരോഗികളാകുന്ന അവസ്ഥയാണ്.
കാർഷിക മേഖലക്ക് ഒഴിച്ചുകൂടാനാവാത്ത പരമ്പരാഗത തൊഴിൽ മേഖലയായിട്ടും സർക്കാറിന്റെ ഒരുവിധ സഹായവും ഈ മേഖലക്ക് ലഭിക്കുന്നില്ലെന്ന് 60കാരനായ കോട്ടായി കീഴത്തൂരിലെ ആദ്യകാല കൊല്ലപ്പണിക്കാരനായ അയ്യപ്പൻ പറഞ്ഞു.
യന്ത്രങ്ങളുടെ സ്വാധീനം കാർഷികായുധ നിർമാണ മേഖലയെ ബാധിച്ചെങ്കിലും നാട്ടിൻ പുറങ്ങളിൽ ഇന്നും തൊഴിലിന് കുറവില്ല. സർക്കാർ മറ്റു പരമ്പരാഗത തൊഴിൽ മേഖലകളിലൊക്കെ വായ്പ നൽകിയും യന്ത്രങ്ങൾ നൽകിയും സഹായിക്കുമ്പോൾ കൊല്ലപ്പണിക്കാരെ മാത്രം അവഗണിക്കുകയാണെന്നും ഇരുമ്പ് ഊട്ടാനുള്ള യന്ത്രമെങ്കിലും അനുവദിച്ചാൽ തൊഴിൽ മേഖല മെച്ചപ്പെട്ടുമെന്നും തൊഴിലാളികൾ പറയുന്നു.
എല്ലാവരും സമൃദ്ധമായി ഓണമുണ്ണുമ്പോൾ കൊല്ലപ്പണിക്കാർ ഓണ വിഭവങ്ങൾ തികക്കാൻ കിതക്കുകയാണെന്നും കുടുംബാംഗങ്ങൾക്ക് ഓണക്കോടിക്ക് വട്ടിപ്പലിശക്കാരുടെ കുരുക്കിൽ തല വെക്കുകയല്ലാതെ നിർവാഹമില്ലെന്നും സർക്കാർ ഒന്ന് കണ്ണുെവച്ചാൽ പരമ്പരാഗത തൊഴിൽ മേഖല അന്യം നിന്നുപോകാതെ കാത്തുസൂക്ഷിക്കാനാകുമെന്നും കൊല്ലപ്പണിക്കാർ പറയുന്നു.
കരിപുരണ്ട ജീവിതമാണെങ്കിലും മാന്യമായ കൂലി കിട്ടിയാൽ ഉള്ളിൽ സന്തോഷം നിറയുമെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.