കോവിഡിനെ തുരത്താൻ 'പുക'; ആലപ്പുഴ നഗരസഭക്കെതിരെ വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്
text_fieldsആലപ്പുഴ: കോവിഡിനെ പ്രതിരോധിക്കാൻ ഇടതുപക്ഷം ഭരിക്കുന്ന ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച 'ധൂമസന്ധ്യ' പരിപാടിക്തെിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. ആയുർവേദ വിധിപ്രകാരമുള്ള അപരാജിത ചൂർണം പുകച്ചാൽ വൈറസുകളും ബാക്ടീരിയകളും വായുവിലൂടെയുള്ള എല്ലാ പകർച്ചവ്യാധികളും ഇല്ലാതാകുമെന്ന നഗരസഭയുടെ പ്രചാരണമാണ് വിവാദമായത്.
ഇതിന്‍റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ 52 വാർഡുകളിലെ അമ്പതിനായിരത്തിലധികം വീടുകളിൽ അപരാജിതചൂർണം പുകച്ച് ശനിയാഴ്ച 'ധൂമ സന്ധ്യ' ആചരിച്ചിരുന്നു. ആയുർവേദ പ്രതിരോധ മരുന്നുകളടങ്ങിയ അണുനശീകരണ ചൂർണത്തിെൻറ ധൂമം നഗരത്തിൽ കോവിഡ് പ്രതിരോധം തീർക്കുമെന്നായിരുന്നു നഗരസഭ അധികൃതരുടെ പ്രചാരണം. കൗൺസിലർമാരുടെ നേതൃത്വത്തിൽ ജാഗ്രതസമിതി അംഗങ്ങളും ആരോഗ്യ വളൻറിയർമാരും ചേർന്നാണ് അപരാജിതചൂർണം വിതരണം ചെയ്തത്.
ഇതിനെതിരെ രൂക്ഷവിമർശനമാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തിയത്. സംഘപരിവാർ പ്രചാരണങ്ങളെ പിൻപറ്റി ഇടതുപക്ഷ നഗരസഭ അശാസ്ത്രീയത പ്രചരിപ്പിക്കരുതെന്ന് പരിഷത്ത് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ തിരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ജില്ലാ സെക്രട്ടറി ജയൻ ചമ്പക്കുളം ആവശ്യപ്പെട്ടു.
ധൂമസന്ധ്യയിലൂടെ കോവിഡിനെ പുകച്ച് ഓടിക്കാമെന്ന നഗരസഭയുടെ നിലപാട് അശാസ്ത്രീയവും പ്രതിഷേധാർഹവുമാണ്. അപരാജിത ചൂർണത്തിന്‍റെ പേരിൽ നഗരസഭ ലഘുലേഖ വഴിയും സമൂഹ മാധ്യമങ്ങളിലും നടത്തുന്ന പ്രചാരണം അബദ്ധമാണ്. ഇതിലൂടെ കോവിഡിനെയോ മറ്റേതെങ്കിലും പകർച്ചവ്യാധിയെയോ ചെറുക്കാമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചോ കണ്ടെത്തിയിട്ടില്ല. ഇതിനായി പണം മുടക്കാൻ തദ്ദേശഭരണ വകുപ്പിന്‍റെ ഉത്തരവുമില്ല. ഇതിലൂടെ പ്രതിരോധ ശേഷി ലഭിച്ചെന്ന തെറ്റിദ്ധാരണയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു ജനങ്ങൾ ധരിച്ചാൽ അത് കോവിഡ് വ്യാപനം തീവ്രമാകാൻ കാരണമാകും -പരിഷത്ത് ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമെന്ന പേരിൽ ഹോമിയോ ഗുളികകൾ വിതരണം ചെയ്തതിനെയും പരിഷത്ത് വിമർശിച്ചു.
സമ്പൂർണ ലോക്ഡൗൺ ആരംഭിച്ച ശനിയാഴ്ച നഗരത്തിലെ എല്ലാ ഭവനത്തിലും വൈകീട്ട് 6.30ന് അപരാജിതചൂർണം പുകച്ച് അണുനശീകരണം നടത്തുകയും ഹോമിയോ പ്രതിരോധമരുന്ന് കഴിച്ച് സ്വയം സുരക്ഷിതരാവുകയും വേണമെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ് ആഹ്വാനം ചെയ്തിരുന്നു. സൗമ്യരാജ് ചൂർണം പുകച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.