വനിത ഹജ്ജ് വിമാനം ഫ്ലാഗ് ഓഫിന് സ്മൃതി ഇറാനിയെത്തും
text_fieldsമലപ്പുറം: വനിത ഹാജിമാർക്കായി വനിതകൾ പറത്തുന്ന വിമാനം ഫ്ലാഗ് ഓഫ് ചെയ്യാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെത്തും. ജൂൺ എട്ടിനാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 145 വനിത തീർഥാടകരുമായി ഹജ്ജ് വിമാനം പുറപ്പെടുക. ഇതിൽ പുരുഷ തീർഥാടകരുണ്ടാവില്ല. ഈ വിമാനത്തിന്റെ പൈലറ്റും ഫസ്റ്റ് ഓഫിസറും ക്രൂ അംഗങ്ങളും വനിതകളായിരിക്കും.
ആദ്യമായാണ് ഇങ്ങനെയൊരു ഹജ്ജ് വിമാന സർവിസ് ഇന്ത്യയിൽനിന്ന് നടക്കുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പങ്കെടുക്കുന്ന ചടങ്ങ് ഇതോടനുബന്ധിച്ച് ഹജ്ജ് ഹൗസിൽ ഉണ്ടാവുമെന്നാണ് സൂചന. കരിപ്പൂരിൽ വനിതകൾക്ക് മാത്രമായി ഹജ്ജ് ഹൗസ് നിർമാണം പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ജൂൺ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇവിടെ 500 പേർക്ക് താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
കരിപ്പൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ജൂൺ മൂന്ന് മുതൽ ഹജ്ജ് ക്യാമ്പിന് തുടക്കമാവും.കണ്ണൂരിലാണ് ഇത്തവണ ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം. ജൂൺ നാലിന് പുലർച്ചെ 1.45നാണ് കണ്ണൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം. രണ്ടാമത്തെ ഹജ്ജ് വിമാനം അന്ന് തന്നെ പുലർച്ചെ 4.25ന് പുറപ്പെടും. ജൂൺ ഏഴ് മുതലാണ് കൊച്ചിയിൽനിന്നുള്ള ഹജ്ജ് വിമാന സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.