കുടിവെള്ളം: എസ്.എം.എസ് ബില്ലിൽ അളവ് വേണം -മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ജല അതോറിറ്റി എസ്.എം.എസ് വഴി നൽകുന്ന ബില്ലിൽ ഉപയോഗിച്ച വെള്ളത്തിന്‍റെ അളവും മുൻ മാസത്തെ മീറ്റർ റീഡിങ്ങും ഇപ്പോഴത്തെ മീറ്റർ റീഡിങ്ങും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇല്ലെങ്കിൽ പഴയതുപോലെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ച് സ്പോട്ട്ബിൽ നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ സംവിധാനത്തിന് ജല അതോറിറ്റി മേന്മ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരം ഇടപാടുകൾ കൈകാര്യം ചെയ്യാൻ അറിയാത്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പറഞ്ഞു.
ഉപയോഗിച്ച വെള്ളത്തിന്‍റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താവിനും വിശദവിവരങ്ങൾ അറിയിക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കുമുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു. ജല അതോറിറ്റിയുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായാണ് എസ്.എം.എസ് ബില്ലിങ് നിലവിൽ വന്നതെന്ന് ജല അതോറിറ്റി മാനേജിങ് ഡയറക്ടർ കമീഷനെ അറിയിച്ചു. ക്വിക് പേ വഴി പണം അടച്ചാൽ 100 രൂപ കുറയും. ഓൺലൈൻ വഴി പണം അടക്കാൻ കഴിഞ്ഞില്ലെങ്കിൽ കലക്ഷൻ സെൻറർ വഴി അടക്കാമെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.