വൈദ്യുതി ബില്ലിന്റെ പേരിൽ എസ്.എം.എസ് തട്ടിപ്പ്; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
text_fieldsതൃശൂർ: ബിൽ അടച്ചില്ലെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നും പറഞ്ഞ് കെ.എസ്.ഇ.ബിയുടെ പേരിൽ എസ്.എം.എസ് തട്ടിപ്പ്. കണക്ഷൻ വിച്ഛേദിക്കൽ ഒഴിവാക്കാൻ ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടക്കുന്നത്.
ബാങ്ക് അക്കൗണ്ടിൽനിന്ന് വൻതുക നഷ്ടപ്പെട്ടതായി ഉപഭോക്താക്കളിൽനിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് കെ.എസ്.ഇ.ബി ചെയർമാൻ സൈബർ സെല്ലിനെ അറിയിച്ചു. അന്വേഷണം നടക്കുന്നതായി സൈബർ പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പ് മുതലാണ് വൈദ്യുതി വിച്ഛേദിക്കാൻ പോവുകയാണെന്ന് കാണിച്ച് മൊബൈലിൽ മെസേജ് വന്ന് തുടങ്ങിയത്. ബന്ധപ്പെടാൻ പറഞ്ഞ് മെസേജിൽ പല നമ്പറുകളും കൊടുത്തിട്ടുമുണ്ട്. ആ നമ്പറിൽ വിളിക്കുമ്പോൾ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കുന്നവരാണ് ഫോൺ എടുത്തത്. ഇവരാണ് ബില്ലടച്ചതായി രേഖകളിൽ കാണുന്നില്ലെന്ന് അറിയിക്കുന്നത്. ബിൽ അടച്ചെന്ന് പറഞ്ഞാൽ അത് സോഫ്റ്റ്വെയറിൽ കയറിയിട്ടില്ലെന്നും ഉറപ്പാക്കാൻ ഒരു ആപ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും.
തുടർന്ന് ചെറിയ തുക നിക്ഷേപിച്ച് ഒ.ടിപി ആവശ്യപ്പെടുകയാണ് പതിവ്. ഇവ ഇൻസ്റ്റാൾ ചെയ്താൽ ടെലിഫോണിന്‍റെ നിയന്ത്രണം സംഘത്തിന് ലഭിക്കുകയും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ നടത്തി വൻ കൊള്ള നടത്തുകയും ചെയ്യും. കെ.എസ്.ഇ.ബി ജീവനക്കാർ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കില്ലെന്ന് ഉറപ്പുള്ളവർ ഫോൺ കട്ട് ചെയ്യാറാണ് പതിവ്.
ഏറെപേർ ഇതിനകം കെ.എസ്.ഇ.ബിയിൽ വിളിച്ച് പരാതിപ്പെട്ടു. 95 ശതമാനത്തിലധികം പരാതിക്കാർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
പണം നഷ്ടപ്പെട്ട ഏതാനും പേർ കെ.എസ്.ഇ.ബിയിലും പരാതി തന്നിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിൽപെടാതിരിക്കാൻ 90 ലക്ഷം ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബി മെസേജ് അയച്ചുവരുകയാണ്. ഇതുവരെ പകുതിപേർക്ക് അയച്ചതായും വരുംദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. പണമടക്കുന്ന കെ.എസ്.ഇ.ബി കൗണ്ടറുകളുടെ സമയം തീരുന്നതിന് മുമ്പ് വരെ കുടിശ്ശിക ബിൽ അടക്കാൻ സൗകര്യമുണ്ടാകും. അതിനാൽ വൈകീട്ട് മൂന്നിന് ശേഷം അടവ് മുടങ്ങിയവരുടെ വൈദ്യുതിബന്ധം വിച്ഛേദിക്കില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. ആരെങ്കിലും ഫോണിൽ വിളിച്ച് പണമടക്കാനോ ഏതെങ്കിലും വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്താൽ 1912 നമ്പറിൽ വിളിക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.