കള്ളക്കടത്ത് നിക്ഷേപം: സ്വകാര്യ, സഹകരണ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെയും അന്വേഷണം
text_fieldsതിരുവനന്തപുരം: കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം നിക്ഷേപിക്കുെന്നന്ന് വ്യക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ ചില സ്വകാര്യ, സഹകരണ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണവും അന്വേഷണവും. സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കവെ ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കേന്ദ്ര ധനകാര്യ, ആഭ്യന്തരവകുപ്പുകളുടെ നിർദേശാനുസരണമാണ് നടപടി.
കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ, റവന്യൂ ഇൻറലിജൻസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നത്. സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് േദശീയ അന്വേഷണ ഏജൻസിയും (എൻ.െഎ.എ) കസ്റ്റംസും ചില സ്ഥാപനങ്ങളിൽ പരിശോധനയും നടത്തി.
രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ ഇളക്കുന്ന നിലയിൽ ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം വരുന്നതായാണ് വിലയിരുത്തൽ. സർക്കാർ ഖജനാവിലേക്ക് നികുതിയുൾപ്പെടെ അടക്കാതെ ഇത്തരത്തിൽ 'കള്ളപ്പണം' നിക്ഷേപിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് നൽകിയത്. മലബാർമേഖലയിലെ ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. അതിനുപുറമെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലുള്ള സഹകരണമേഖലയിലെ ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളിൽ ചിലർക്ക് ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്നായർ, പി.ആർ. സരിത്ത് ഉൾപ്പെടെയുള്ളവർക്ക് സഹകരണ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപമുള്ളതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. സ്വപ്നക്കും സന്ദീപിനും പൂവാറിലെയും സരിത്തിനും ബന്ധുക്കൾക്കും മുട്ടത്തറയിെലയും സ്ഥാപനങ്ങളിലാണ് നിക്ഷേപമുണ്ടായിരുന്നത്.
ഇൗ പണമെല്ലാം കമീഷനായി ലഭിച്ചതെന്നായിരുന്നു പ്രതികളുടെ വിശദീകരണം. ഹവാല ഇടപാടിലൂടെ ലഭിച്ച പണം മറ്റ് ചില പ്രതികൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചതായും കണ്ടെത്തി. അതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം ഇൗ മേഖലകളിലേക്കും വ്യാപിപ്പിച്ചത്.
കള്ളപ്പണം നിക്ഷേപമായി സ്വീകരിക്കുന്ന ചില ധനഇടപാട് സ്ഥാപനങ്ങളുടെ പട്ടികതന്നെ തയാറാക്കിയാണ് നിരീക്ഷണം ശക്തമാക്കിയിട്ടുള്ളത്. ചില ജ്വല്ലറികളും നിരീക്ഷണത്തിലാണ്. വരുംദിവസങ്ങളിൽ നിരീക്ഷണവും പരിശോധനയും വ്യാപിപ്പിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.