എസ്.എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളിയുടെ പാനലിന് ജയം
text_fieldsചേർത്തല: എസ്.എന്‍ ട്രസ്റ്റ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിച്ച പാനലിന് വീണ്ടും ജയം. സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെയും ചെയര്‍മാനായി എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമനെയും തെരഞ്ഞെടുത്തു. യോഗം വൈസ് പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി അസി. സെക്രട്ടറിയും ഡോ. ജി. ജയദേവൻ ട്രഷററുമാണ്.1996 മുതല്‍ വെള്ളാപ്പള്ളി നടേശനാണ് എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി. 17 അംഗ എക്സിക്യൂട്ടിവിലേക്ക് സുപ്രിയ സുരേന്ദ്രന്, എ.ജി. തങ്കപ്പന്, കെ.ആര്. ഗോപിനാഥന്, പി.എന്‍. നടരാജന്, ഇറവങ്കര വിശ്വനാഥന്, മോഹന്‍ ശങ്കര്‍, എ. സോമരാജന്, വി. സുഭാഷ്, പ്രേംരാജ്, എന്‍. രാജേന്ദ്രന്, ഡി. സുഗതന്, സംഗീത വിശ്വനാഥന്, കെ. പദ്മകുമാര്‍, എസ്.ആര്.എം. അജി, പി.എം. രവീന്ദ്രന്, അരയക്കണ്ടി സന്തോഷ്, എ.വി. ആനന്ദരാജ് എന്നിവരെ തെരഞ്ഞെടുത്തു.
1601 വോട്ടര്‍മാരില്‍ 1165 പേര് വോട്ട് രേഖപ്പെടുത്തി. ഹൈകോടതി നിയോഗിച്ച നിരീക്ഷകെൻറയും റിട്ടേണിങ് ഓഫിസറുടെയും സാന്നിധ്യത്തില്‍ ആറ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്ന് മണിക്കൂറായിരുന്നു വോട്ടിങ്. രാത്രി 7.30ഒാടെ ഫലപ്രഖ്യാപനം നടത്തി. വെള്ളാപ്പള്ളി നടേശന് 1109 വോട്ടും എതിര് സ്ഥാനാർഥി ബി. പുരുഷോത്തമന് 41 വോട്ടും ലഭിച്ചപ്പോൾ ചെയര്മാന് -ഡോ. എം.എന്‍. സോമന് 1053 വോട്ടും എതിര്‍സ്ഥാനാർഥി ചെറുന്നിയൂര്‍ വി. ജയപ്രകാശിന് 43 വോട്ടും ലഭിച്ചു. അസി. െസക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളിക്ക് 1097 വോട്ടും എതിരാളി ബി. ഹര്‍ഷകുമാറിന് 52 വോട്ടും ട്രഷറര്‍ ഡോ. ജി. ജയദേവന് 1046 വോട്ടും എതിര് സ്ഥാനാർഥി ജി. ശ്യാംകുമാറിന് 64 വോട്ടുമാണ് ലഭിച്ചത്. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് വെള്ളാപ്പള്ളി പാനലിനെതിരെ രണ്ടുപേര്‍ മത്സരിച്ച് തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.