ലാവലിനിൽ വിവാദ വാതിൽ തുറന്ന് യെച്ചൂരി
text_fieldsന്യൂഡൽഹി: എസ്.എൻ.സി- ലാവലിൻ കേസിൽ വിവാദത്തിെൻറ വാതിൽ തുറന്ന് സി.പി.എം ജനറൽ സെക്രട്ടറി. പിണറായി വിജയനെ കേസിൽനിന്ന് ഒഴിവാക്കിയതിന് എതിരെ സി.ബി.െഎ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചതിനെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്വാഗതം ചെയ്തു. ‘എല്ലാ തരത്തിലുള്ള സൂക്ഷ്മ പരിശോധനയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു’ വെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ‘അമിത് ഷാ ഉൾപെട്ട വ്യാജ ഏറ്റുമുട്ടൽ കേസിൽ സി.ബി.െഎ എന്തുകൊണ്ടാണ് അപ്പീലൊന്നും നൽകാത്തതെന്ന്’ ചോദിച്ച അദ്ദേഹം ‘ബി.ജെ.പി പ്രസിഡൻറിന് അതിനുള്ള അവകാശമുണ്ടോ’യെന്നും കുറിച്ചു.
വരും ദിവസങ്ങളിൽ ലാവലിൻ കേസിൽ വാദ പ്രതിവാദങ്ങൾക്ക് ബി.ജെ.പിക്കും കേരളത്തിലെ കോൺഗ്രസിനും മാധ്യമങ്ങൾക്കും അവസരം നൽകുന്നതായി മാറാം യെച്ചൂരിയുടെ പ്രസ്താവനയെന്ന ആശങ്ക സി.പി.എം കേന്ദ്രങ്ങൾക്കുണ്ട്. ലാവലിൻ കേസ് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന നിലപാടാണ് എക്കാലത്തും സി.പി.എം കേരള, കേന്ദ്ര നേതൃത്വങ്ങൾക്ക്. വി.എസ്. അച്യുതാനന്ദൻ മാത്രമായിരുന്നു ഏക അപവാദം. പാർട്ടി നിലപാടിനുള്ള അംഗീകാരമാണ് പിണറായിയെ കേസിൽനിന്ന് ഒഴിവാക്കിയ ഹൈകോടതി വിധിയെന്നാണ് അന്ന് പി.ബി വിശേഷിപ്പിച്ചത്. പിണറായി വിചാരണ ചെയ്യപ്പെടാൻ പാടില്ലെന്ന നിലപാട് പാർട്ടി സ്വീകരിച്ചിരിക്കെയാണ് യെച്ചൂരിയുടെ നിലപാട് പ്രസക്തമാവുന്നത്.
കേരളത്തിലെ സി.പി.എം നേതൃത്വത്തിലുള്ള ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി- ആർ.എസ്.എസ് ദേശീയതലത്തിൽ അഴിച്ച് വിട്ടിട്ടുള്ളത്. കേരളത്തിൽ നടക്കുന്ന ചെറിയ സംഭവങ്ങളെ േപാലും ഉൗതിവീർപ്പിച്ചാണ് പ്രധാനമന്ത്രിയും സംഘ്പരിവാർ നേതാക്കളും പാർലമെൻറിലും പുറത്തും പ്രചരിപ്പിക്കുന്നത്.
സി.ബി.െഎ നീക്കത്തെ അപലപിക്കുന്നതിന് പകരം, യെച്ചൂരി രാഷ്ട്രീയ ശത്രുക്കളുടെ കൈയിൽ ആയുധം നൽകിയെന്ന ആക്ഷേപം കേരളത്തിലെ സി.പി.എം നേതാക്കൾക്കുണ്ട്. കോൺഗ്രസ് ബന്ധത്തെ ചൊല്ലി സി.പി.എം പോളിറ്റ് ബ്യൂറോയിൽ നടക്കുന്ന തർക്കങ്ങളിൽ യെച്ചൂരിക്ക് എതിരായ ചേരിയുടെ നെടുംതുണാണ് പിണറായി. ലാവലിനിൽ സുപ്രീംകോടതി നിലപാട് പിണറായിക്ക് നിർണായകമാണ്.
അതേസമയം ലാവലിൻ കേസിൽ പിണറായിക്ക് എതിരെ ശക്തമായ തെളിവുണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സുപ്രീംകോടതിയെ സമീപിച്ചതും സി.പി.എം ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ഗ്രൂപ് പോരിൽ അപ്രസക്തനായി മാറിയ സുധീരൻ ലാവലിനിലൂടെ തിരിച്ച് വരവിെൻറ പുതിയ വഴി തുറക്കുന്നുവെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.