ലാവലിൻ അഴിമതി: മൂന്ന് പ്രതികൾക്കും ജാമ്യം
text_fieldsതിരുവനന്തപുരം: എസ്.എൻ.സി ലാവലിൻ അഴിമതിക്കേസിൽ നിലവിലെ മൂന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. പ്രതിസ്ഥാനത്തുള്ള കെ.ജി. രാജശേഖരൻ നായർ, ആർ. ശിവദാസ്, എം. കസ്തൂരിരംഗ അയ്യർ എന്നിവർക്കാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾെപ്പടെയുള്ളവരെ കുറ്റമുക്തമാക്കിയ ഹൈകോടതി, പ്രതികളായ ഇവർ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. കേസ് ഈ മാസം 30ന് വീണ്ടും കോടതി പരിഗണിക്കും. നാലാം പ്രതി കസ്തൂരിരംഗ അയ്യർ വീൽചെയറിലാണ് ശനിയാഴ്ച കോടതി വളപ്പിൽ എത്തിയത്. ഇദ്ദേഹത്തിന് കോടതി മുറിയിൽ എത്താൻ സാധിക്കില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി നടപടികൾ നിർത്തിെവച്ച് ജഡ്ജി ജോണി സെബാസ്റ്റ്യൻ പ്രതിയെ കാണാൻ എത്തി. ആരോഗ്യനില നേരിട്ട് മനസ്സിലാക്കിയതിനുശേഷമാണ് കോടതി നടപടി പുനരാരംഭിച്ചത്.
കേസിലെ എട്ടാം പ്രതി പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങൾ വഴി സംസ്ഥാന സർക്കാറിന് 374 കോടി രൂപയുടെ നഷ്ടം സംഭവിെച്ചന്നാണ് കേസ്. 1995 ആഗസ്റ്റ് 10-ന് അന്നത്തെ യു.ഡി.എഫ് സർക്കാറിലെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാർത്തികേയൻ ലാവലിനുമായി ആദ്യ കരാർ ഒപ്പുവെക്കുന്നത്. പിന്നീട് എസ്.എൻ.സി ലാവലിൻ പദ്ധതി നടത്തിപ്പിന് കൺസൾട്ടൻറായി നിയമിച്ചുള്ള കരാർ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുതിമന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.