ലാവലിൻ കേസ്: പരാമർശ ആകാംക്ഷയിൽ രാഷ്ട്രീയ കേരളം
text_fieldsകൊച്ചി: ലാവലിൻ കേസിൽ കോടതിയിൽനിന്ന് എന്തെങ്കിലും പരാമർശമുണ്ടാകുമോയെന്ന ആകാംക്ഷയിലായിരുന്നു വെള്ളിയാഴ്ച പകൽ മുഴുവൻ രാഷ്്ട്രീയ കേരളം. രാജ്യത്തുതന്നെ ഏറ്റവും വിലയേറിയ വക്കീൽ ഹൈകോടതിയിൽ ലാവലിൻ കേസിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരായത് രാഷ്ട്രീയ കേരളത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
കേസിൽ പിണറായി ഉൾപ്പെടെയുള്ളവർക്കെതിരായ കുറ്റപത്രം റദ്ദാക്കി സി.ബി.െഎ കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് സി.ബി.െഎ സമർപ്പിച്ച ഹരജിയിൽ അദ്ദേഹത്തിനുവേണ്ടി എതിർവാദമുന്നയിക്കാൻ ഹരീഷ് സാൽവെ വെള്ളിയാഴ്ച ഹാജരാകുമെന്ന് ദിവസങ്ങൾക്ക് മുമ്പുതന്നെ വ്യക്തമായിരുന്നു. ഇതിനായി, അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തുകയും ചെയ്തു. സാൽവെയുമായി കേസ് കാര്യങ്ങൾ ചർച്ച ചെയ്യാൻ രാത്രി വൈകി മുഖ്യമന്ത്രി എത്തിയതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ ഇരട്ടിച്ചിരുന്നു.
കോടതിയിൽനിന്ന് എന്തെങ്കിലും വിപരീത പരാമർശമുണ്ടാകുമോയെന്ന് ഭരണമുന്നണിയിൽതന്നെ അങ്കലാപ്പുണ്ടെന്ന ധാരണയും പരന്നു. വെള്ളിയാഴ്ച രാവിലെ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഹരീഷ് സാൽവെയെ സന്ദർശിച്ചതും ചർച്ചയായി. ഹരീഷ് സാൽവെ ഹോട്ടലിൽനിന്ന് കോടതിയിലേക്ക് പുറപ്പെട്ടതുമുതൽ തത്സമയ ദൃശ്യങ്ങളുമായി മാധ്യമങ്ങൾ പിന്നാലെ കൂടിയതോടെ ആകാംക്ഷ വർധിക്കുകയുംചെയ്തു.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് മന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ ബാർ കോഴക്കേസ് പരിഗണിക്കവെ, സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. ഇതിെൻറ പേരിലാണ് ഇടതുമുന്നണി പ്രക്ഷോഭം നടത്തുകയും ഒടുവിൽ മാണിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരുകയും ചെയ്തത്. അതിനാൽതന്നെ സമാന സ്വഭാവത്തിലുള്ള പരാമർശമുണ്ടായാൽ ഇടതുമുന്നണിക്ക് ന്യായീകരിച്ച് നിൽക്കാൻ ബുദ്ധിമുട്ടാവുമായിരുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വിജിലൻസിന് എതിരെ പരാമർശം നടത്തിയ ജഡ്ജിയാണ് ലാവലിൻ കേസും പരിഗണിച്ചിരുന്നത്.
ഹൈകോടതിയിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയും മാധ്യമപ്രവർത്തകർക്ക് കോടതി പ്രവേശത്തിന് നിയന്ത്രണമുണ്ടാവുകയും ചെയ്തപ്പോഴും സമാന രൂപത്തിലുള്ള ആരോപണം ഉയർന്നിരുന്നു. ലാവലിൻ കേസിൽ വാക്കാൽ പരാമർശമുണ്ടായാൽ അത് മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇല്ലാതാകുമെന്നായിരുന്നു അന്നത്തെ ആരോപണം. എന്നാൽ, ഇന്നെല കോടതിയിൽനിന്ന് പ്രതികൂല പരാമർശങ്ങളൊന്നുമില്ലാതെ വാദം അവസാനിച്ചതോടെ ഭരണമുന്നണിക്ക് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.