എസ്.എൻ.ഡി.പി നിലപാട്; പ്രതീക്ഷ മങ്ങി ബി.ജെ.പി
text_fieldsആലപ്പുഴ: ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് എസ്.എൻ.ഡി.പിയുടെ ഭാഗത്തുനിന്ന് സൂചന പുറത്തുവന്നു. മണ്ഡലത്തിന് കീഴിലെ ചെങ്ങന്നൂർ, മാവേലിക്കര യൂനിയനുകളോട് ഉചിത തീരുമാനമെടുക്കാനായിരുന്നു കഴിഞ്ഞ ദിവസം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർദേശിച്ചത്. ഇതിൽ തീരുമാനം കൈക്കൊള്ളുന്നതിെൻറ ഭാഗമായി ബി.ജെ.പിക്ക് പരമാവധി വോട്ടുകൾ കുറക്കണമെന്നും എസ്.എൻ.ഡി.പിയുടെ ശക്തി തെരഞ്ഞെടുപ്പിൽ കാണിച്ചുകൊടുക്കാൻ അണികൾക്ക് നിർദേശം നൽകുെമന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
ബി.ജെ.പിയെ പാഠം പഠിപ്പിക്കണം എന്നല്ലാതെ വോട്ടുകൾ ആർക്ക് നൽകണമെന്ന് വ്യക്തമായി സൂചന നൽകിയിട്ടില്ല. അതേസമയം, നേരേത്ത മുതൽ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചുവന്നത്. പുതിയ തീരുമാനം ഇടതുപക്ഷത്തിന് അനുകൂലമാണോ എന്ന കാര്യം വ്യക്തമല്ല. ആരു ജയിച്ചാലും അവർക്ക് തങ്ങൾ പിന്തുണ നൽകിയിരുന്നുവെന്ന് അവകാശപ്പെടാം എന്ന കണക്കുകൂട്ടലിലാണ് വെള്ളാപ്പള്ളി.
ബി.ജെ.പിക്ക് വിജയ പ്രതീക്ഷയില്ലാത്ത സാഹചര്യത്തിലാണ് യൂനിയനുകൾ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പറയുന്നു. വെള്ളാപ്പള്ളിതന്നെ നൽകിയ നിർദേശം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം വന്നതെന്നും സൂചനയുണ്ട്.
ബി.ഡി.ജെ.എസ് സംവിധാനം നിഷ്ക്രിയമായി മാറിയിരിേക്ക, എൻ.ഡി.എ ഘടകകക്ഷി എന്ന നിലയിൽ തങ്ങളുടെ വോട്ട് ബി.ജെ.പിക്കായിരിക്കുമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവന പാഴായിരിക്കുകയാണ്. വെള്ളാപ്പള്ളിയോട് ഇടഞ്ഞുനിൽക്കുന്ന ഇൗഴവ സമുദായത്തിലെ ഗോകുലം ഗോപാലനും ബിജു രമേശും നേതൃത്വം നൽകുന്ന ശ്രീനാരായണ ധർമവേദി എൽ.ഡി.എഫിന് പരസ്യപിന്തുണ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.