'ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറരുതെന്ന് മേൽശാന്തി, ഷർട്ടിട്ട് കയറാനാണ് തീരുമാനമെന്ന് എസ്.എൻ.ഡി.പി'; റാന്നിയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് കയറി പ്രതിഷേധിച്ചു
text_fieldsറാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ ഭക്തർ ഷർട്ട് ധരിച്ച് കയറിയപ്പോൾ
റാന്നി: ദേവസ്വം ബോർഡിന്റെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലാണ് ഭക്തർ ഷർട്ട് ധരിച്ച് കയറിയത്.
എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. സ്ത്രീകൾ മുടി അഴിച്ചിട്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്ന ബോർഡ് ക്ഷേത്രത്തിൽ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനിൽക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകൾ സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്.എൻ.ഡി.പി ശാഖകളിലെ ഭക്തരാണ് ഷർട്ടിട്ട് ക്ഷേത്രത്തിൽ പ്രവേശിച്ചത്.
ശബരിമലയിൽ തിരുവാഭരണം ചാർത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോൾ തിരുവാഭരണം വിഗ്രഹത്തിൽ ചാര്‍ത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധർമ്മശാസ്‌താ ക്ഷേത്രം.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ഷർട്ട് ധരിച്ച് കയറരുതെന്ന് മേൽശാന്തി പറഞ്ഞെങ്കിലും അവർ പിന്മാറിയില്ല. എന്നാൽ തങ്ങൾ സമാധാനപരമായി പ്രാർത്ഥിക്കാൻ എത്തിയതാണെന്നും മറ്റു പ്രശ്‌നങ്ങൾ ഇല്ലെന്നും ഷർട്ട് ധരിച്ചു കയറുക എന്നതാണ് തീരുമാനമെന്നും എസ്.എൻ.ഡി.പി അംഗങ്ങൾ പറഞ്ഞു.
കൂടൽ മാണിക്യം ക്ഷേത്രത്തിൽ ബാലു എന്ന യുവാവിനെ ക്ഷേത്ര ജോലികളിൽ നിന്ന് മാറ്റി നിർത്തി വിവേചനം കാട്ടിയ തന്ത്രിയുടെ പ്രവണതക്കെതിരെ തങ്ങൾക്ക് പ്രതിഷേധം ഉണ്ടെന്നും ഈ വിഷയം ഉന്നയിച്ച് കൊണ്ടാണ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറിയതെന്നും അംഗങ്ങൾ പറഞ്ഞു. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന ശബരിമല ക്ഷേത്രത്തിൽ ഇതുവരെ പിന്നാക്കക്കാരനായ ഒരാളെ മേൽശാന്തിയായി നിയമിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മറ്റു ശാഖകളെയും യൂനിയനുകളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ വിഷയത്തിൽ സർക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ദേവസ്വം ബോർഡ് ഭാരവാഹികളോടും തന്ത്രിമാരോടുമാണ് തങ്ങൾക്ക് അഭിപ്രായ വ്യത്യാസം എന്നും അവർ പ്രതികരിച്ചു. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്.എൻ.ഡി.പിയും ശിവഗിരി മഠവും മുൻപ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ തൃശൂരിൽ നടന്ന സന്യാസിസംഗമവും ക്ഷേത്രങ്ങളിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ച് ആരാധന നടത്തുന്നതിന് അനുവാദം നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.