വെള്ളാപ്പള്ളി നടേശനെ സർക്കാർ വിലക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വിമോചന സംയുക്ത സമര സമിതി
text_fieldsകൊച്ചി: അയോഗ്യനാക്കപ്പെട്ട വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽനിന്ന് സർക്കാർ വിലക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വിമോചന സംയുക്ത സമര സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നോൺ ട്രേഡിങ് കമ്പനി നിയമപ്രകാരം റിട്ടേൺ നൽകാതിരുന്നതിനെ തുടർന്ന് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട ഭരണസമിതിയും ആ കാലയളവിലെ ഡയറക്ടർ ബോർഡ് അംഗങ്ങളും രണ്ടുഘട്ടത്തിലായി 10 വർഷത്തേക്ക് അയോഗ്യരായിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
നടേശെൻറ സന്തത സഹചാരിയായിരുന്ന കെ.കെ. മഹേശൻ ആത്മഹത്യ ചെയ്‌തിട്ട് ഒരു വർഷമായിട്ടും കേസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. അന്വേഷണം പൂർത്തിയാക്കി എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ സർക്കാർ അവസരം ഒരുക്കണം.
നിരവധി കുറ്റകൃത്യങ്ങൾ വെള്ളാപ്പള്ളി നടേശനെതിരെ കെ.കെ. മഹേശൻ ആരോപിച്ചിട്ടുണ്ട്. കേരളത്തിലെ മിക്ക കോടതികളിലും മൈക്രോ ഫിനാൻസ് കേസ് നിലനിൽക്കുന്നുണ്ട്. കൊല്ലം എസ്.എൻ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിച്ച് നടപടികൾ തുടരുകയാണ്. ഗുരുതരമായ അനവധി കേസുകളിൽ പ്രതിയായ നടേശനെതിരെ നടപടി കൈക്കൊള്ളുന്നതിനു പകരം പൊലീസ് സംരക്ഷണം നൽകി കേരളീയ സമൂഹത്തെ പരിഹസിക്കുകയും ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയുമാണെന്ന് അവർ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും നടപടികൾ കൈക്കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം വിമോചന സംയുക്ത സമരസമിതി രക്ഷാധികാരി പ്രഫ. എം.കെ. സാനു, ചെയർമാൻ ഗോകുലം ഗോപാലൻ, കൺവീനർ പി.പി. രാജൻ, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.