മാതാരി അബുവിന്‍റെ കുടുംബത്തിന് പെരുന്നാൾ സമ്മാനമായി ആര്യവൈദ്യശാലയുടെ സ്നേഹഭവനം
text_fieldsകോട്ടക്കൽ: സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകും മുൻപെ വിടപറഞ്ഞ കോട്ടക്കലിലെ മാതാരി അബുവിന്‍റെ കുടുംബത്തിന് ആര്യവൈദ്യശാലയുടെ സ്നേഹസാന്ത്വനം. ആര്യവൈദ്യശാല മുൻ ട്രസ്റ്റി ഡോ. പി.കെ. വാര്യരുടെ നൂറാം പിറന്നാള്‍ സമ്മാനമായി ആര്യവൈദ്യശാല തൊഴിലാളികള്‍ നിര്‍മിച്ച വീട് പെരുന്നാള്‍ സമ്മാനമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിങ്കളാഴ്ച കൈമാറും.
തെരുവോരത്ത് പഴവര്‍ഗ കച്ചവടക്കാരനായിരുന്ന അബു അര്‍ബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 20നാണ് മരിച്ചത്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ചികിത്സ. പാറയില്‍ സ്ട്രീറ്റിലെ ചോര്‍ന്നൊലിക്കുന്ന വാടക വീട്ടിൽ ഭാര്യ സുബൈദക്കൊപ്പമായിരുന്നു അബു കഴിഞ്ഞിരുന്നത്.
കുടുംബത്തിന്‍റെ ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞ വർഷം ജൂലൈ 28ന് 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു. തുടർന്ന് വീടെന്ന സ്വപ്നത്തിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ മാതാരി അബു സഹായകമ്മിറ്റി രൂപവത്കരിച്ചു. ചാലമ്പാടന്‍ മുഹമ്മദ് കുട്ടി, വിനോദ് പത്തൂര്‍, ഗഫൂര്‍ ഇല്ലിക്കോട്ടില്‍, ഷാഹുല്‍ ഹമീദ് കളത്തില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കമ്മിറ്റിയുടെ തുടർപ്രവര്‍ത്തനങ്ങള്‍.
പരവക്കല്‍ എറമു ഹാജി മൂന്ന് സെന്‍റ് സ്ഥലത്തിനുള്ള പണം നല്‍കിയതോടെ ബാക്കി രണ്ട് സെന്‍റിനുള്ള പണം കമ്മിറ്റിയും പിരിച്ച് നല്‍കി. കുടുംബശ്രീ, പാറയില്‍ സ്ട്രീറ്റ് ബ്രോസ് വാട്സ്ആപ് കൂട്ടായ്മ, സെവന്‍സ് ക്ലബ്, ഗ്ലോബല്‍ കെ.എം.സി.സി, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളും വ്യക്തികളും സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ ഡോ. പി.കെ. വാര്യരുടെ നൂറാം പിറന്നാള്‍ സമ്മാനമായി ആര്യവൈദ്യശാല തൊഴിലാളികള്‍ പ്രഖ്യാപിച്ച വീടുകളിലൊന്ന് അബുവിനായിരുന്നു.
ജനകീയ കമ്മിറ്റിയുടെ ഇടപെടലില്‍ യാഥാർഥ്യമായ വലിയപറമ്പ് ഉദരാണിപറമ്പിലെ അഞ്ച് സെന്‍റ് സ്ഥലത്താണ് വീട് നിർമാണം പൂർത്തിയാക്കിയത്. ആര്യവൈദ്യശാലക്കും സഹായിച്ചവര്‍ക്കും അബുവിന്‍റെ ഭാര്യ സുബൈദ നന്ദി പറഞ്ഞു. ഡോ. പി.കെ. വാര്യരുടെ ഒന്നാം ചരമവാര്‍ഷികദിനമായ തിങ്കളാഴ്ച വെകുന്നേരം നടക്കുന്ന അനുസ്മരണ ചടങ്ങിലാണ് താക്കോല്‍ കൈമാറ്റം. പക്ഷാഘാതം വന്ന് ചികിത്സയിൽ കഴിയുന്ന കോട്ടക്കൽ കിഴക്കേപുരക്കൽ ശിവകുമാറിന് ആര്യവൈദ്യശാല ജീവനക്കാർ നിർമിച്ച വീടിന്‍റെ താക്കോലും ഗവർണർ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.