അതിക്രമങ്ങള്‍ക്കിരയായവർക്ക് തുണയായി ഡിവൈ.എസ്.പി, എ.സി.പി ഓഫിസുകളിൽ ‘സ്നേഹിത’
text_fieldsകോഴിക്കോട്: വിവിധ അതിക്രമങ്ങള്‍ക്കിരയായി പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സലിങ് സേവനങ്ങള്‍ നൽകാനായി സംസ്ഥാനത്തെ മുഴുവൻ ഡിവൈ.എസ്.പി, എ.സി.പി ഓഫിസുകളിലും കുടുംബശ്രീ ‘സ്നേഹിത’ എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും അനുസരിച്ച് പൊലീസിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കൗണ്‍സലിങ് സേവനങ്ങള്‍ ലഭ്യമാക്കുക. ഇതിനായി കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 84 കമ്യൂണിറ്റി കൗണ്‍സലര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ 25 പേരുള്‍പ്പെടുന്ന ആദ്യ ബാച്ചിന്റെ സംസ്ഥാനതല പരിശീലനവും തുടങ്ങി.
നിലവില്‍ സംസ്ഥാനത്തെ ഏഴ് പൊലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററുകളുണ്ട്. സമാന മാതൃകയില്‍ മാര്‍ച്ച് പകുതിയോടെ സംസ്ഥാന വ്യാപകമായി എല്ലാ ഡിവൈ.എസ്.പി, എ.സി.പി ഓഫിസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടുദിവസമായിരിക്കും കൗണ്‍സലിങ് സേവനം. കൗണ്സലിങ്ങിനെത്തുന്നവര്ക്ക് കൂടുതല്‍ പിന്തുണ ആവശ്യമെങ്കില്‍ അതിനും സംവിധാനമൊരുക്കും. റഫറൽ സംവിധാനത്തിലൂടെ മാനസികാരോഗ്യ ചികിത്സയും ഉറപ്പാക്കും. പരാതിക്കാര്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ തുറന്നുപറയാനും ആവശ്യമായ പിന്തുണ ലഭ്യമാകുന്നതിനും പദ്ധതി സഹായകരമാകും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.