കശ്മീരിലെ മഞ്ഞുവീഴ്ച: കുടുങ്ങിയ മലയാളികളടക്കമുള്ളവരെ കാർഗിലിലേക്ക് മാറ്റി
text_fieldsകോഴിക്കോട്: കശ്മീരിലെ ദ്രാസിൽ ഹിമപാതത്തിൽ കുടുങ്ങിയ മലയാളികളുൾപ്പെടെയുള്ളവരെ സൈനികരെത്തി കാർഗിലിലേക്ക് മാറ്റിയതായി സംഘത്തിലുള്ള മലയാളി മാധ്യമ പ്രവർത്തകൻ മനു റഹ്മാൻ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മനുവും സംഘവും ദ്രാസിൽ എത്തിയത്.
ശനിയാഴ്ച രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി.ഇതോടെ യാത്രക്കാരെല്ലാം വാഹനങ്ങളിൽ കുടുങ്ങി. നാദാപുരം പേരോടുനിന്ന് യാത്ര പോയവരും സംഘത്തിലുണ്ട്. പല സ്ഥലങ്ങളിലും ശക്തമായ മഞ്ഞുമലകൾ അടർന്നുവീണതായാണ് സംഘം പറയുന്നത്. 21നാണ് സംഘം ഇവിടെനിന്ന് യാത്ര തിരിച്ചത്. പ്രദേശത്ത് രണ്ടുദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയുമാണ് ദുരിതത്തിനിടയാക്കിയതെന്ന് സംഘത്തിലുള്ളവർ പറഞ്ഞു.
ലേ പൊലീസ് സ്റ്റേഷന് തൊട്ടടുത്ത പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ മുറിയിലേക്ക് ഇവരെ മാറ്റിയെങ്കിലും കനത്ത തണുപ്പും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതും വൈദ്യുതിയില്ലാത്തതും മൊബൈൽ ഫോണിൽ ചാർജില്ലാത്തതും ദുരിതമേറ്റി. തുടർന്നാണ് ഞായറാഴ്ച ഉച്ചയോടെ ഇവരെ കാർഗിലിലേക്ക് മാറ്റിയത്.
കാലിക്കറ്റ് പ്രസ്ക്ലബ് ഭാരവാഹികൾക്ക് ലഭിച്ച സന്ദേശത്തെ തുടർന്ന് അവർ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവൻ എം.പി, ജില്ല കലക്ടർ എന്നിവരെ അറിയിച്ചതിനെ തുടർന്ന് ഇവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
സംഘത്തിലുള്ളവരുമായി സംസാരിച്ചെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ലേ ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.