ഓൺലൈനിൽ ബുക്ക് ചെയ്ത 70,900 രൂപയുടെ ഐഫോണിന് പകരം നൽകിയത് സോപ്പ്പെട്ടി; നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ചത് ഇങ്ങനെ
text_fieldsകൊച്ചി: ഓൺലൈനിൽ ബുക്ക് ചെയ്ത ഐ ഫോണിന് പകരം സോപ്പും അഞ്ച് രൂപയുടെ നാണയവും ലഭിച്ചയാളുടെ പണം തിരിച്ചുകിട്ടി. എറണാകുളം റൂറൽ ജില്ല സൈബർ പൊലീസിന്‍റെ ഇടപെടലിലാണ് നഷ്ടപ്പെട്ട തുക മുഴുവൻ തിരികെ ലഭിച്ചത്.
പ്രവാസിയായ തോട്ടുമുഖം നൂറൽ അമീനാണ് ആമസോണിൽ 70,900 രൂപയുടെ ഐഫോൺ ഒക്ടോബർ പത്തിന് മുഴുവൻ തുകയും അടച്ച് ബുക്ക് ചെയ്തത്. ഡെലിവറി ബോയി കൊണ്ടുവന്ന പാഴ്‌സൽ പൊട്ടിച്ചപ്പോൾ ഫോൺ കവറിനകത്ത് സോപ്പും നാണയവുമായിരുന്നു. ഡെലിവറി ബോയിയുടെ സാന്നിധ്യത്തിൽ പായ്ക്കറ്റ് തുറക്കുന്നത് നൂറുൽ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.
നൂറൽ അമീൻ നൽകിയ പരാതിയിൽ സൈബർ പൊലീസാണ് കേസെടുത്തത്. പൊലീസിന്‍റെ അന്വേഷണത്തിൽ, അമീന് ലഭിച്ച കവറിലെ ഐ.എം.ഇ.ഐ നമ്പറിലുള്ള ഫോൺ സെപ്റ്റംബർ 25 മുതൽ ഝാർഖണ്ഡിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. നൂറുൽ അമീൻ ഫോൺ ബുക്ക് ചെയ്യുന്നതിനും 15 ദിവസം മുമ്പേ ആയിരുന്നു ഇത്. ആപ്പിളിന്‍റെ സൈറ്റിൽ ഫോൺ സെപ്റ്റംബർ പത്തിനാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡീലറുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ പണം തിരികെ നൽകാമെന്ന് സമ്മതിച്ചു. കഴിഞ്ഞ ദിവസം നൂറുൽ അമീന്‍റെ അക്കൗണ്ടിൽ പണം തിരികെയെത്തി. എങ്കിലും അന്വേഷണം തുടരുന്നുണ്ട്.
കഴിഞ്ഞ മാസം പറവൂരിലെ എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ഒന്നേകാൽ ലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവർക്കും റൂറൽ ജില്ലാ പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നൽകി. ഇതിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.