ശോഭ വധക്കേസ്; പ്രതി റിമാൻഡിൽ
text_fieldsകൊട്ടിയൂർ: മന്ദംചേരിയിലെ ആദിവാസി യുവതി കൂടത്തിൽ ശോഭ (37) വധക്കേസിൽ കേളകം പൊലീസ് അറസ്റ്റുചെയ്ത പ്രതി പെരുവ സ്വദേശി വിപിനെ (25) കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രണ്ട് കാമുകിമാരിൽ ഒരാളെ വരിക്കാൻ മറ്റൊരാളെ അറുകൊല ചെയ്ത യുവാവിെൻറ ക്രൂരത ഗ്രാമവാസികളെയും ആശങ്കയിലാഴ്ത്തി.
ശോഭയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്. ആഗസ്റ്റ് 24 മുതലാണ് ഇവരെ കാണാതായത്. 26ന് യുവതിയുടെ മകൻ കേളകം പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതായ ദിവസം മുതൽ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നെന്ന് പരാതിയിൽ പറഞ്ഞിരുന്നു. 28നാണ് ഇവരുടെ മൃതദേഹം തോലമ്പ്ര കൈതച്ചാലിലെ ഒഴിഞ്ഞപറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ, മൃതദേഹ പരിശോധനയിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. പിന്നീട് ഇവരുടെ കാൾലിസ്റ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, പ്രതിയായ വിപിൻ ഇവരുമായി സംഭവദിവസവും മുമ്പ് പലതവണയും ഫോൺ വിളിച്ചതായി കണ്ടെത്തി. ഇയാളെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. യുവതിയുടെ മൊബൈൽ ഫോൺ പ്രതിയുടെ പെരുവയിലെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ശോഭയുടെ ആഭരണങ്ങളിൽ മാല സംഭവസ്ഥലത്ത് കുഴിച്ചിട്ട നിലയിലും കണ്ടെത്തി. കമ്മൽ കോളയാട്ടെ സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ചിരുന്നു. ഇത് ഇവിടെനിന്നും കണ്ടെടുത്തു. ബാഗും കുടയും പ്രതി വീട്ടിലേക്ക് പോകുംവഴി ഇടുമ്പ പുഴയിൽ വലിച്ചെറിഞ്ഞിരുന്നു. കൊല്ലപ്പെട്ട യുവതിയും പ്രതിയും ഫേസ്ബുക്ക് വഴിയാണ് ബന്ധം തുടങ്ങുന്നത്. പ്രതി പിന്നീട് മറ്റൊരാളെ കല്യാണം കഴിക്കാൻ തയാറെടുക്കുന്നത് ശോഭ അറിഞ്ഞതിനെത്തുടർന്ന് ഇവർ തമ്മിൽ പലതവണ വാക്കുതർക്കമുണ്ടായി.
സംഭവദിവസം വിപിൻ രാവിലെ 9.30ന് പേരാവൂരിൽനിന്ന് ശോഭയെ ബൈക്കിൽ കയറ്റി വിപിെൻറ അമ്മൂമ്മയുടെ കൈതച്ചാലിലെ ആളില്ലാത്ത വീടിന് സമീപത്തെ പറമ്പിൽ കൊണ്ടുപോയി. ശോഭ അവിടെനിന്നും മടങ്ങിപ്പോകാൻ വിസമ്മതിച്ചതിനാൽ വഴക്കാവുകയും, ശോഭ മരിക്കാൻ തയാറാവുകയും വിപിൻ ശോഭയുടെ ഷാൾ സമീപത്തെ മരക്കൊമ്പിൽ കെട്ടിക്കൊടുത്ത് മരിക്കാൻ പ്രേരിപ്പിക്കുകയും ശേഷം വലിച്ചുമുറുക്കി കൊല ചെയ്യുകയുമായിരുന്നെന്നുമാണ് പൊലീസിന് ലഭിച്ച മൊഴി.
ശോഭയെ കൊലചെയ്ത് ദിവസങ്ങൾക്കകം വിപിൻ പുതിയ കാമുകിയെ വിവാഹം ചെയ്ത് ഒന്നും സംഭവിക്കാത്ത മട്ടിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റുചെയ്തത്. സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ പ്രതിയെ പിടികൂടാനായത് കേളകം പൊലീസിന് നേട്ടമായി. ഇരിട്ടി ഡിവൈ.എസ്.പി യുടെ മേൽനോട്ടത്തിലുള്ള പ്രേത്യക സ്ക്വാഡാണ് പ്രതിയെ കുരുക്കിയത്.
കേളകം സി.െഎ പി.വി. രാജെൻറ നേതൃത്വത്തിൽ എസ്.ഐ ടോണി ജെ. മറ്റം, രാജു ജോസഫ്, ബൈജു, ലിബിന്, അഭിലാഷ്, സുഭാഷ്, ജോളി എന്നിവരാണ് അന്വേഷണസംഘത്തില് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.