ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ തന്നെ, 90 ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി -ശോഭ സുരേന്ദ്രൻ
text_fieldsആലപ്പുഴ: ബി.ജെ.പിയിൽ വരാൻ ആഗ്രഹം പ്രകടിപ്പിച്ച സി.പി.എമ്മിന്‍റെ ഉന്നത നേതാവ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനാണെന്ന് ബി.ജെ.പി നേതാവും ആലപ്പുഴ എൻ.ഡി.എ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രന്‍റെ വെളിപ്പെടുത്തൽ. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം തുറന്നടിച്ചത്.
ബി.ജെ.പിയിലേക്ക് വരാൻ 90 ശതമാനം ചർച്ചയും പൂർത്തിയാക്കിയശേഷം പാർട്ടിയിലെ ക്വട്ടേഷൻ ഭയന്നായിരുന്നു പിന്മാറ്റം. ഭീഷണി വന്നത് ചില്ലറക്കാര്യമല്ലെന്ന് ജയരാജന് അറിയാം. പിന്മാറിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രിക്കും അറിയാം. ജയരാജനും ഭാര്യയും കുടുംബവും ജീവിച്ചിരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്.
വാട്സ്ആപ്പിലൂടെ ജയരാജന്‍റെ മകനാണ് ആദ്യം ബന്ധപ്പെട്ടത്. പ്ലീസ് നോട്ട് മൈ നമ്പർ എന്നായിരുന്നു ഉള്ളടക്കം. എന്നെ അറിയാത്ത കണ്ണൂരുകാരനായ ജയരാജന്‍റെ മകൻ എന്തുകൊണ്ടാണ് തന്‍റെ വാട്സ്ആപ്പിലേക്ക് സന്ദേശം അയച്ചത്?. 2023 ജനുവരി 18ന് എറണാകുളത്തെ ഹോട്ടലിൽവെച്ചാണ് ജയരാജന്‍റെ മകനെ കണ്ടത്. അന്ന് ലിങ്ക്വിസ്റ്റിക് മോർച്ച സംസ്ഥാന ചുമതലക്കാരനായ, എറണാകുളത്ത് മത്സരരംഗത്തുണ്ടായിരുന്ന ടി.ജി. രാജഗോപാലും ഒപ്പമുണ്ടായിരുന്നു. ജയരാജനുമായി ഡൽഹിയിലെ കൂടിക്കാഴ്ചക്ക് ടിക്കറ്റ് അയച്ചുതന്നത് നന്ദകുമാറാണെന്നും ടിക്കറ്റിന്റെ ഫോട്ടോസഹിതവുമുള്ള വാട്സ്ആപ് സന്ദേശവും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. 2023 ഏപ്രിൽ 24ന് ഡൽഹിയിലേക്ക് പോകാൻ എന്തിനാണ് ടിക്കറ്റെടുത്ത് അയച്ചതെന്ന് നന്ദകുമാർ വ്യക്തമാക്കണം.
പേപ്പറുകൾ പൊക്കിപ്പിടിച്ച് രേഖയില്ലാത്ത ആരോപണമുന്നയിച്ച ടി.ജി. നന്ദകുമാറിനെ അറസ്റ്റ് ചെയ്യണം. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ റോൾ ഏറ്റെടുത്താണ് നന്ദകുമാറിന്‍റെ പ്രവർത്തനം. സ്ത്രീയെ വ്യക്തിപമായി അപമാനിക്കാനും അധിക്ഷേപിക്കാനുമാണ് ശ്രമിച്ചത്. കുറേ കടലാസുകൾ കാണിച്ച് വിരട്ടാനായിരുന്നു ശ്രമം. സ്ത്രീക്കെതിരായ വ്യക്തിഹത്യ നടത്തിയ വിവാദ ഇടനിലക്കാരനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.