'പൂജിക്കാത്തവരെ ചുട്ടുകൊല്ലുന്ന ഹിരണ്യ കശ്യപുവിനെ ഒാർക്കുക'; ബി.ജെ.പി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രൻ
text_fieldsകോഴിക്കോട്: ദേശീയ നിർവാഹക സമിതിയിൽ നിന്ന് നീക്കിയതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും ഉണ്ടെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മൂന്ന് പതിറ്റാണ്ടുകൾക്കിടെ പ്രസ്ഥാനം ഏൽപ്പിച്ച ദൗത്യങ്ങൾ കലർപ്പില്ലാത്ത സമർപ്പണ മനോഭാവത്തോടെ നിറവേറ്റിയെന്ന് ഉറച്ചു വിശ്വസിക്കുന്നു. തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യ കശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെ ഓർക്കണമെന്നും ശോഭ സുരേന്ദ്രൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണ മനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു.
ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം.
എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യ കശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.