ബി.ജെ.പിയിലും അതൃപ്തി; ശോഭ സുരേന്ദ്രന്‍റെ പരാതി കേൾക്കണമായിരുന്നുവെന്ന് ഒ. രാജഗോപാൽ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്തതിൽ ബി.ജെ.പിയിൽ അസംതൃപ്തി പുകയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ശോഭ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ അധ്യക്ഷനെതിരെ പരസ്യമായി വിമർശനം ഉയർന്നിരുന്നു. ഇവരുടെ വിമർശനങ്ങൾ ശരിവെക്കുന്ന തരത്തിലായി തെരഞ്ഞെടുപ്പ് ഫലമെന്നാണ് ബി.ജെ.പിയിലെ പല മുതിർന്ന അംഗങ്ങളും പറയുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാൽ തന്നെ രംഗത്തെത്തി. ശോഭ സുരേന്ദ്രന്‍റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നു എന്നും ഒ രാജഗോപാൽ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നാണ് ഒ. രാജഗോപാലിന്‍റെ വിലയിരുത്തൽ. ആറ്റുകാലിൽ അടക്കം ഇത് പ്രകടമായിരുന്നു. തിരുവനന്തപുരം കോര്‍പറേഷൻ ഭരണം ഉറപ്പിച്ച ബി.ജെ.പിക്ക് അടിതെറ്റിയെന്ന് മാത്രമല്ല, ഇടതു മുന്നണി കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റ് നേടുന്ന സാഹചര്യവും ഉണ്ടായി. തൃശൂരിലും സ്ഥിതി മെച്ചപ്പെടുത്താനായില്ല.
19നു ചേരുന്ന കോർ കമ്മിറ്റി ഫലം ചർച്ച ചെയ്യും. ഫലം വിലയിരുത്തുമ്പോൾ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അതൃപ്തരായ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ശോഭാ സുരേന്ദ്രനും പി.എൻ വേലായുധനും കെ.പി ശ്രീശനും അടക്കമുള്ളവര്‍ ഉന്നയിച്ച പരസ്യ വിമർശനത്തിൽ പലരും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.