സാമൂഹിക അകലമില്ല; ഇവിടെ ഇടപാടുകാർ അടുപ്പത്തിലാണ്
text_fieldsമേപ്പാടി: സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേപ്പാടി കോട്ടപ്പടി ശാഖയിൽ വിവിധ ആവശ്യങ്ങൾക്കായി നിത്യേനയെത്തുന്ന ഇടപാടുകാർ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് പതിവുകാഴ്ച. ഈ ഭാഗത്തേക്ക് പൊലീസിെൻറ ശ്രദ്ധ പതിയുന്നില്ലെന്നും ആക്ഷേപമുണ്ട്. ഏതാനും വർഷങ്ങളായി എസ്.ബി.ഐ-എസ്.ബി.ടി ലയനം നടന്നിട്ട്. പിന്നാലെ ടൗണിൽ പ്രവർത്തിച്ചിരുന്ന എസ്.ബി.ഐ ശാഖയുടെ പ്രവർത്തനം ടൗണിൽതന്നെയുള്ള എസ്.ബി.ടി ശാഖയുമായി ലയിപ്പിക്കുകയായിരുന്നു.
ഇതോടെ എസ്.ബി.ഐയിലെ അക്കൗണ്ട് ഉടമകളും ഇടപാടുകാരും കൂടി ഇവിടേക്ക് മാറി. എസ്.ബി.ടിയുടെ ഇടപാടുകാർ കൂടി ചേർന്നപ്പോൾ അതൊരു വലിയ സംഖ്യയായി.
ഇവരെയാകെ ഉൾക്കൊള്ളാൻ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാൻ ബാങ്ക് അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല. സ്ഥല സൗകര്യത്തിലും ജീവനക്കാരുടെ എണ്ണത്തിലുമുള്ള കുറവ്, മറ്റ് സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവയൊക്കെ ശാഖാ അധികൃതരെയും ഇടപാടുകാരെയും അലട്ടുന്ന വിഷയമാണ്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്ന ഇടപാടുകാർക്ക് മണിക്കൂറുകളോളം കാത്തുനിന്ന് മുഷിയേണ്ടിവരുന്നു.
ഇതുസംബന്ധിച്ച് നിരവധി പരാതികൾ മുമ്പ് ഇടപാടുകാരിൽനിന്ന് ഉയർന്നിട്ടുമുണ്ട്. കോവിഡ് ഭീഷണിയുടെ ഈ ഘട്ടത്തിൽേപാലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനോ സാമൂഹിക അകലം സൂക്ഷിക്കാനോ അധികൃതർക്ക് കഴിയുന്നില്ല. ഇവിടെ സ്ഥാപിച്ചിരിക്കുന്ന എ.ടി.എം മെഷീൻ വളരെ പഴയതും ഇടപാടുകാരുടെ സമയം അപഹരിക്കുന്നതുമാണ്. ഓഫിസിന് മുന്നിലും തൊട്ടടുത്തുള്ള എ.ടി.എം കൗണ്ടറിലും കൂടിയാകുമ്പോൾ അത് വലിയ ആൾക്കൂട്ടമായി പരിണമിക്കുന്നു. ശാഖയുടെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. പ്രവൃത്തി ദിവസങ്ങളിൽ ഇവിടെ പൊലീസ് സാന്നിധ്യം കൂടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.