സാമൂഹികാഘാത പഠനവും അതിരടയാളം ഇടലും തത്ത്വത്തിൽ കേന്ദ്രാനുമതി ലഭിച്ച പ്രകാരം -കെ റെയിൽ
text_fieldsതിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതും അലൈന്മെന്റിന്റെ അതിരടയാളം സ്ഥാപിക്കുന്നതും പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് കെ-റെയിൽ അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങള്‍ 2016 ആഗസ്റ്റ് അഞ്ചിന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടത്തില്‍ പറയുന്നുണ്ട്. ഇതു പ്രകാരം സാധ്യതാ പഠനങ്ങള്‍ നടത്തുക, വിശദമായ പദ്ധതിരേഖകള്‍ തയാറാക്കല്‍, പ്രാരംഭ പരീക്ഷണങ്ങള്‍, സര്‍വേകള്‍ / അന്വേഷണങ്ങള്‍, പദ്ധതികള്‍ക്കായി ആവശ്യമായ ഭൂമിക്ക് നഷ്ടപരിഹാരം നല്കല്, അതിര്‍ത്തി മതിലുകളുടെ നിര്‍മാണം, റോഡുകളുടെ നിര്‍മാണം, ചെറിയ പാലങ്ങളും കള്‍വെര്‍ട്ടുകളും നിര്‍മിക്കല്‍, ജല - വൈദ്യുത ലൈനുകളുടെ നിര്‍മാണം, പദ്ധതിപ്രദേശത്തെ ഓഫിസുകളുടെ നിര്‍മാണം, പദ്ധതി പ്രദേശത്തെ താൽക്കാലിക താമസ സൗകര്യങ്ങളൊരുക്കല്‍, പരിസ്ഥിതി മാനേജ്മെന്റ് പ്ലാനുകള്‍ തയാറാക്കല്‍, വനം -വന്യജീവി വകുപ്പുകളുടെ അനുമതി, ബദല്‍ വനവത്കരണം, വനഭൂമി തരം മാറ്റുന്നതിനുള്ള പണം നല്കല് എന്നിവ ചെയ്യാം.
ഇതു പ്രകാരം സംസ്ഥാന സര്‍ക്കാറിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തല്‍ പഠനം നടത്താനും അധികാരമുണ്ട്. അലൈന്മെന്റിന്റെ അതിര്‍ത്തിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനും അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാർ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതിന് കേന്ദ്രത്തിന്റെയോ, റെയില്‍വേ ബോര്‍ഡിന്റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. -കെ-റെയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.