സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ്: യുവാവിനെ അപായപ്പെടുത്താൻ മന്ത്രി ജലീൽ ശ്രമിച്ചെന്ന് പിതാവ്
text_fieldsഎടപ്പാൾ: സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് എടപ്പാള്‍ സ്വദേശിയെ യു.എ.ഇയില്‍നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ മന്ത്രി കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മർദം ചെലുത്തിയെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ മൊഴി കുരുക്കാകുന്നു. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജ് അഡ്മിനും വട്ടംകുളം സ്വദേശിയുമായ മുണ്ടേക്കാട്ടിൽ യാസിറിനെയാണ് നാടുകടത്താൻ ശ്രമിച്ചത്.
സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാണ് യാസിറിനെതിരായ പരാതി. ഇതുസംബന്ധിച്ച് മന്ത്രിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ആറുമാസം മുമ്പ് രണ്ടുതവണ പൊലീസ് വട്ടംകുളത്തെ വീട്ടിൽ റെയ്ഡ് നടത്തി. യാസിറിെൻറ പാസ്പോർട്ട് ആവശ്യപ്പെട്ടായിരുന്നു പരിശോധന. ഇതിനുശേഷമാണ് യുവാവിനെ നാട്ടിലെത്തിക്കാൻ മന്ത്രിയുടെ ഇടപെടലുണ്ടായതെന്നാണ് പറയുന്നത്.
അതേസമയം, മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി യാസിറിെൻറ പിതാവും മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗവുമായ എം.കെ.എം. അലി രംഗത്തെത്തി. ജലീലിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിെൻറ പേരിൽ മകനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ യാസിറിെൻറ കുടുംബം മന്ത്രിയുടെ മണ്ഡലം ഓഫിസിന് മുന്നിൽ വ്യാഴാഴ്ച ഉപരോധം നടത്തും. ആരോപണത്തെ കുറിച്ച് മന്ത്രിയുടെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.