സമൂഹമാധ്യമങ്ങളിലൂടെ വിസ തട്ടിപ്പ്: ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ
text_fieldsകൊച്ചി: ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും വിസ തട്ടിപ്പ് നടത്തിവന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ഉത്തർപ്രദേശ് മീറത്ത് സ്വദേശി രവിസിങ് ടോമറാണ് (32) പിടിയിലായത്. രാജ്യവ്യാപകമായി നൂറുകണക്കിനുപേർ ഇയാളുടെ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു.
ഫേസ്ബുക്കിൽ ഇയാൾ തുറന്ന പേജുകണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് യുവാക്കൾ ബന്ധപ്പെട്ടിരുന്നു. സിംഗപ്പൂരിൽ ജോലിയും ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് പ്രവേശനവും വാഗ്ദാനം ചെയ്താണ് പണം പിരിക്കുന്നത്. ഇതിന് രണ്ടുലക്ഷം രൂപക്ക് മുകളിലാണ് ഈടാക്കിയിരുന്നത്. യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പാണ് വ്യാജ വിസ കൈമാറുന്നത്. ഇതോടൊപ്പം പണവും വാങ്ങും. വ്യാജ വിസയുമായി സിംഗപ്പൂരിൽ എത്തിയവരെ വിമാനത്താവളത്തിൽെവച്ചുതന്നെ അധികൃതർ ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. ഇങ്ങനെയെത്തുന്നവരുടെ പാസ്പോർട്ട് സിംഗപ്പൂർ അധികൃതരുടെ നിർദേശപ്രകാരം ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ തടഞ്ഞുെവക്കും.
സിംഗപ്പൂരിൽനിന്ന് തിരിച്ചയക്കുന്നതിന് ചെലവായ തുക അടച്ചാലേ പാസ്പോർട്ട് തിരികെ നൽകൂ. ഈ വകയിലും ലക്ഷക്കണക്കിന് രൂപ ഉദ്യോഗാർഥികൾക്ക് നഷ്ടപ്പെട്ടു. തട്ടിപ്പിനിരയായ ബംഗളൂരു സ്വദേശി കൊച്ചിയിലെ സുഹൃത്തുക്കൾ വഴി ജോലി ആവശ്യമുണ്ടെന്ന വ്യാജേന ഇയാളെ വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.