സാമൂഹിക പെൻഷൻ: കേന്ദ്രവിഹിതം മുടങ്ങിയിട്ട് രണ്ടര വർഷം; കിട്ടാനുള്ളത് 580 കോടി
text_fieldsപാലക്കാട്: സാമൂഹിക പെൻഷനുകൾക്കുള്ള കേന്ദ്രവിഹിതം മുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെ. ഈ തുക കൈയിൽനിന്നെടുത്ത് ഗുണഭോക്താക്കൾക്ക് നൽകിയ ഇനത്തിൽ സംസ്ഥാന സർക്കാറിന് കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളത് 580 കോടിയോളം രൂപ.
ഗുണഭോക്താക്കളുടെ ആധാറിലെ പേരിന്റെ സാങ്കേതികപ്രശ്നം ചൂണ്ടിക്കാട്ടി 2021 ജനുവരി മുതലാണ് നാഷനൽ സോഷ്യൽ അസിസ്റ്റന്റ് പ്രോഗ്രാമിൽ (എൻ.എസ്.എ.പി) നൽകേണ്ട 200 രൂപ വീതം കേന്ദ്രസർക്കാർ മുടക്കിയത്. ഇന്ദിര ഗാന്ധിയുടെ പേരിലുള്ള ദേശീയ വാർധക്യകാല പെൻഷൻ, ദേശീയ ഭിന്നശേഷി പെൻഷൻ, ദേശീയ വിധവ പെൻഷൻ, നാഷനൽ ഫാമിലി ബെനിഫിറ്റ് സ്കീം, അന്നപൂർണ പദ്ധതികളിലെ 47,55,920 ഗുണഭോക്താക്കളില്‍ 6,88,329 പേർക്ക് മാത്രമാണ് 200 രൂപ കേന്ദ്രസഹായം ലഭിക്കുന്നത്.
ഇവർക്ക് കേന്ദ്രസർക്കാർ സഹായം കിട്ടാതായതോടെ 2021 മുതൽ കേന്ദ്രവിഹിതമായ 200 രൂപയും കൂട്ടി 1600 രൂപ സംസ്ഥാന സർക്കാറാണ് നൽകുന്നത്. ഈ ഇനത്തിൽ പ്രതിവര്‍ഷം 232 കോടിയോളം കേന്ദ്രവിഹിതമായി ലഭിക്കേണ്ടതുണ്ട്. ഇതിനായി നിരന്തരം ഇടപെടൽ നടത്തിയിട്ടും ഫലമുണ്ടായില്ല.
ഒടുവിൽ ഗുണഭോക്താക്കളുടെ ആധാർ രേഖകളിലെ വ്യക്തതക്കുറവ് പരിഹരിച്ചാൽ കുടിശ്ശിക അടക്കം അനുവദിക്കാമെന്ന കേന്ദ്രസർക്കാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളുടെ സേവന പോർട്ടൽ വഴി ഗുണഭോക്താക്കളുടെ ആധാർ പരിശോധന നടത്താനുള്ള നടപടിയിലാണ് തദ്ദേശ വകുപ്പ്.
വാർധക്യകാല പെൻഷൻ ലഭിക്കുന്ന 80 വയസ്സിന് മുകളിലുള്ളവർക്ക് 500 രൂപയും അതിൽ താഴെയുള്ളവർക്ക് 200 രൂപയുമാണ് കേന്ദ്രവിഹിതം. വികലാംഗ പെൻഷനിൽ 80 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള 18നും അതിനു മുകളിലും പ്രായമുള്ളവർക്ക് 300 രൂപയും വിധവ പെൻഷനിൽ 40 മുതൽ 80 വയസ്സ് വരെയുള്ളവർക്ക് 300 രൂപയുമാണ് കേന്ദ്രവിഹിതം. അതിനാൽ ഇവർക്കെല്ലാം ഓരോ മാസവും ഇപ്പോൾ സാമൂഹിക സുരക്ഷ പെൻഷനായി ലഭിക്കുന്നത് ഏകീകരിച്ച തുകയായ 1600 രൂപയാണ്.
എൻ.എസ്.എ.പി ആധാർ പുതുക്കൽ ‘സേവന’ വഴി
പാലക്കാട്: നാഷനൽ സോഷ്യൽ അസിസ്റ്റന്റ് പ്രോഗ്രാമിലെ (എൻ.എസ്.എ.പി) ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങളുടെ അവ്യക്തത തദ്ദേശ സ്ഥാപനങ്ങൾ വഴി നീക്കാനും പുതുക്കാനും നടപടിയായി. പഞ്ചായത്തുകൾ ഉപയോഗിക്കുന്ന സേവന പോർട്ടലിൽ അപ്ഡേഷൻ വരുത്തി പ്രത്യേക വിൻഡോ എൻ.എസ്.എ.പിക്ക് വേണ്ടി ചേർത്തിട്ടുണ്ട്. ഇതോടെ പഞ്ചായത്ത് ജീവനക്കാർക്ക് ഗുണഭോക്താക്കളുടെ ആധാർ തിരുത്തുന്നത് ഉൾപ്പെടെ അനായാസമായി ചെയ്യാനാകും.
എല്ലാത്തരം ധനസഹായങ്ങളും കേന്ദ്രസർക്കാറിന്റെ പബ്ലിക് ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം (പി.എഫ്.എം.എസ്) എന്ന പോര്‍ട്ടൽ വഴി ആക്കണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതിനെ തുടർന്നാണ് 2021 ജനുവരി മുതല്‍ സാമൂഹിക പെൻഷൻ വിഹിതം മുടങ്ങിയത്. ഗുണഭോക്താക്കളുടെ പേരിലെ ആധാറിന്റെ വ്യത്യാസമാണ് പ്രധാന അവ്യക്തതയായി കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. പഴയ ഗുണഭോക്താക്കളുടെ ആധാർ പുതുക്കുന്ന നടപടികളാണ് ഇനിയും പൂർത്തീകരിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.