സാമൂഹികശാസ്ത്രം: പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: വിവാദമായതോടെ ഒമ്പത്, 10 ക്ലാസുകളിലെ സാമൂഹികശാസ്ത്ര പുസ്തകത്തിൽ മാറ്റം വരുത്താനുള്ള തീരുമാനം പിൻവലിച്ചു. ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള കുറിപ്പുകളും പാഠഭാഗങ്ങളും വെട്ടിക്കുറക്കാനോ ഒഴിവാക്കാനോ ആയിരുന്നു കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. കേരളത്തിലെ ആദ്യ ചരിത്രഗ്രന്ഥമായി അറിയപ്പെടുന്ന ശൈഖ് സൈനുദ്ദീൻ മക്തൂം രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ സംബന്ധിച്ച് അധികവായനക്കായി നൽകിയ ഭാഗം, ഖാദി മുഹമ്മദ് രചിച്ച ഫത്ഹുൽ മുഇൗനെക്കുറിച്ച് ബോക്സിൽ നൽകിയ കുറിപ്പ് എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.
10ാം ക്ലാസിലെ സാമൂഹികശാസ്ത്രത്തിൽ ചെമ്പകരാമൻപിള്ള, വി.പി. മേനോൻ, വിക്രംസാരാഭായ്, കുഞ്ഞാലിമരയ്ക്കാർ, ചേറ്റൂർ ശങ്കരൻനായർ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളും കുളച്ചൽ യുദ്ധം, കുണ്ടറ വിളംബരം, പടപ്പാട്ടുകൾ, ലാറ്റിനമേരിക്കൻ വിപ്ലവം എന്നിവയെക്കുറിച്ചുള്ള ലഘുകുറിപ്പുകളും നീക്കാൻ തീരുമാനിച്ചവയിൽപെടും. ഇൗ പാഠഭാഗങ്ങൾ നിലനിർത്തണമെന്ന് കാണിച്ച് കരിക്കുലം കമ്മിറ്റി അംഗം ഡോ. അബ്ദുൽ അസീസ് കരിക്കുലം സബ്കമ്മിറ്റിക്ക് കുറിപ്പ് നൽകിയിരുന്നു.
പാഠഭാഗങ്ങൾ മാറ്റുന്നതിനെതിരെ കരിക്കുലം കമ്മിറ്റി അംഗങ്ങളായ പി. ഹരിഗോവിന്ദനും സി.പി. ചെറിയമുഹമ്മദും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ചില പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള നീക്കം ഇടതുമുന്നണിക്കകത്ത് പോലും വിമർശന വിധേയമായതോടെ ഭേദഗതി പിൻവലിക്കാൻ എസ്.സി.ഇ.ആർ.ടി തീരുമാനിക്കുകയായിരുന്നു. എന്നാൽ ഒമ്പത്, 10 ക്ലാസുകളിലെ സാമൂഹികശാസ്ത്രം പാഠപുസ്തകങ്ങളിൽനിന്ന് കുഞ്ഞാലിമരയ്ക്കാരെയും തുഹ്ഫത്തുൽ മുജാഹിദീനെയും സംബന്ധിച്ച പാഠഭാഗം മാറ്റുന്നു എന്ന വാർത്തകൾ സത്യവിരുദ്ധമാണെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് അറിയിച്ചു.
പാഠഭാഗങ്ങളിൽ നൽകിയ വിവരങ്ങൾക്കു പുറമേ, നിരവധി ഗ്രന്ഥങ്ങളിൽനിന്നും സന്ദർഭാനുസരണം എടുത്തുചേർത്ത ‘ബോക്സുകളും’ ഈ അധ്യായങ്ങളിലുണ്ടായിരുന്നു. പാഠ്യപദ്ധതി ലക്ഷ്യം നേടുന്നതിൽ ഇവയിൽ പലതും പ്രസക്തമല്ല. ഈ ബോക്സുകൾ അധികവായനക്കുള്ളതുമാണ്. ബോക്സുകളുടെ ആധിക്യം ക്ലാസ് റൂം വിനിമയത്തെയും കുട്ടികളുടെ വായനയെയും തടസ്സപ്പെടുത്തുന്നതായി കരിക്കുലം സബ്കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. ഇതു സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ പരിഗണനക്ക് വന്നപ്പോൾ, സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം തീരുമാനിച്ച സാഹചര്യത്തിൽ ‘ബോക്സുകൾ’ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുെന്നന്നും ഡോ. പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.