സാമൂഹിക സുരക്ഷ പെൻഷൻ പട്ടിക ശുദ്ധീകരണം; ഉത്തരവിൽ തദ്ദേശവകുപ്പ് അടയിരുന്നത് നാല് കൊല്ലം
text_fieldsതിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്നവരിലെ അനർഹരെ പുറത്താക്കി പട്ടിക ശുദ്ധീകരിക്കാൻ ധനവകുപ്പ് നൽകിയ ഉത്തവരിന്മേൽ തദ്ദേശവകുപ്പ് അടയിരുന്നത് നാല് കൊല്ലം. 2020 മുതൽ 2024 വരെ പലഘട്ടങ്ങളിലായി തട്ടിപ്പുകാരെ കണ്ടെത്തി പട്ടിക പുനഃക്രമീകരിക്കാൻ തദ്ദേശ വകുപ്പിന് സർക്കുലറുകളും ഉത്തരവുകളും ധനവകുപ്പ് നൽകിയിരുന്നു. എന്നാൽ തദ്ദേശ വകുപ്പ് അനങ്ങിയില്ല. ഒടുവിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി സാമൂഹിക സുരക്ഷ പെന്ഷന് വാങ്ങുന്നവരിലെ അനര്‍ഹരെ കണ്ടെത്താനുള്ള മാര്‍ഗം ഉള്‍പ്പെടെ വിശദീകരിച്ച് തദ്ദേശവകുപ്പിന് കത്തും നല്‍കിയിരുന്നു.
സാമൂഹിക സുരക്ഷ-ക്ഷേമനിധി പെന്ഷന് വാങ്ങുന്നവരുടെ പട്ടിക സേവന പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ഇതും തദ്ദേശവകുപ്പ് നടപ്പാക്കിയില്ല. പെന്ഷന് സോഫ്റ്റ്വെയറായ ‘സേവന’യില്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കില്‍ അനർഹരെ ഒഴിവാക്കാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
2020 ജനുവരി 23നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനര്‍ഹമായി കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് നിര്‍ദേശിച്ച ധനവകുപ്പ് എല്ലാ വകുപ്പ് മേധാവികള്‍ക്കും സര്‍ക്കുലറിലൂടെ ആദ്യം അറിയിപ്പ് നല്‍കിയത്. ആരൊക്കെയാണ് അര്‍ഹരെന്നും അനര്‍ഹരുടെ വരുമാനപരിധി അടക്കമുള്ള വിവരങ്ങളും ഈ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാർ അനര്‍ഹമായി ക്ഷേമ പെന്ഷന് കൈപ്പറ്റുന്ന കാര്യവും വ്യക്തമാക്കി.
പിന്നീട് തുടര്‍ച്ചയായി വിവിധ വകുപ്പ് മേധാവികളെയും തദ്ദേശസ്ഥാപന അധികൃതര്‍ക്കും സര്‍ക്കുലറായും കത്തുകള്‍ വഴിയും നിര്‍ദേശം നല്‍കിയിട്ടും പാലിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇപ്പോള്‍, അനര്‍ഹരെ കണ്ടെത്താന്‍ വകുപ്പുകൾ ഒറ്റക്കെട്ടായി ഇറങ്ങാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെങ്കിലും ഇത് എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
പെൻഷൻ തട്ടിപ്പ്; നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാജേഷ്
തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഓരോ വകുപ്പും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ പ്രത്യേകം യോഗം ചേർന്നിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ അർഹത മാനദണ്ഡങ്ങൾ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.