സാമൂഹിക സുരക്ഷ പദ്ധതികൾ നിലച്ചു
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ധനസഹായമുൾപ്പെടെയുള്ള സംസ്ഥാനത്തെ 10 സാമൂഹിക സുരക്ഷ പദ്ധതികൾ നിലച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയ തുകയുടെ പകുതിപോലും സംസ്ഥാന സാമൂഹിക സുരക്ഷ മിഷന് നൽകിയില്ല. നൽകിയ തുക കാര്യക്ഷമമായി ചെലവാക്കാനും വകുപ്പിനായില്ല. ബജറ്റ് വിഹിതമായ 120.4 കോടിയിൽ 66.06 കോടി രൂപയാണ് അനുവദിച്ചത്. അതിൽ 44.3 കോടി രൂപ മാത്രമാണ് ഒരു വർഷത്തിനിടെ ചെലവിട്ടത്.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് ബജറ്റ് പ്രഖ്യാപനത്തിലെ പൊള്ളത്തരം വെളിപ്പെടുത്തുന്ന കണക്കുകൾ പുറത്തുവന്നത്. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഈ കണക്കുള്ളത്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രമാണ് ബാക്കി. ഡിമൻഷ്യ, അൾഷിമേഴ്സ് രോഗികൾക്കുള്ള ഓർമത്തോണി പദ്ധതിക്കായി അനുവദിച്ച 65 ലക്ഷത്തിൽ നയാപൈസ പോലും ചെലവഴിച്ചില്ല.
മാനസിക-ശാരീരിക വെല്ലുവിളി മൂലം അവശതയനുഭവിക്കുന്നവരെ പരിചരിക്കുന്നവർക്കുള്ള (പാലിയേറ്റിവ്) ധനസഹായ പദ്ധതിയായ ആശ്വാസകിരണത്തിന് അനുവദിച്ച 54 കോടിയിൽ14 കോടി മാത്രമാണ് ചെലവിട്ടത്. അവിവാഹിതരായ അമ്മമാർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹസ്പർശത്തിന് അനുവദിച്ച രണ്ടു കോടിയിൽ ഒരു കോടി മാത്രമേ ചെലവഴിച്ചുള്ളൂ. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സ്നേഹസാന്ത്വനം പദ്ധതിയിൽ 17 കോടിയിൽ എട്ടു കോടിയാണ് ചെലവിട്ടത്. മുതിർന്ന പൗരന്മാർക്കുള്ള വയോമിത്രം പദ്ധതിയിൽ 27.5 കോടിയിൽ 15. 37 കോടി ചെലവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.