സാമൂഹ്യപഠനമുറി: പ്ലസ് വൺ പെൺകുട്ടികൾക്ക് പ്രത്യേക പരിഗണനയെന്ന് ഒ.ആർ. കേളു
text_fieldsതിരുവനന്തപുരം: സാമൂഹ്യപഠന മുറി പദ്ധതിയിൽ പ്ലസ് വണ്ണിന് പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ഒ.ആർ. കേളു. തിരുവനന്തപുരം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ പദ്ധതികളുടെ ജില്ലാതല അവലോകനയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പുകളുടെ പദ്ധതി നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുമെന്നും വ്യക്തിഗത പദ്ധതികൾ നടപ്പാക്കുന്നതിലെ പുരോഗതി അംബേദ്കർ ഗ്രാമം പോലുള്ള വലിയ പദ്ധതികളുടെ നടത്തിപ്പിലും ഉറപ്പാക്കും. വകുപ്പുകളെ ശാക്തീകരിക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ് ജില്ലാതല അവലോകനയോഗങ്ങളെന്നും മന്ത്രി പറഞ്ഞു.
ജില്ലാതല അവലോകനയോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിശോധിക്കും. ആദ്യഘട്ട അവലോകനയോഗങ്ങൾ പൂർത്തിയാകുന്നതോടെ, തുടർനടപടികളുടെ ഭാഗമായി എല്ലാ മാസവും ഓൺലൈനായി ജില്ലകളിൽ യോഗം ചേരും. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള മോണിറ്ററിങ് കമ്മിറ്റികൾ ക്രിയാത്മകമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങളിൽ ഉറപ്പാക്കും. മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ പരിഹാരമായി സർക്കാരും വകുപ്പും സാധ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. പദ്ധതി നിർവഹണം കൃത്യമായി നടത്തണമെന്നും ഫണ്ട് വിനിയോഗം പൂർണമായും നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
വകുപ്പുകളുടെ താഴെതട്ടിൽ നിന്നും പ്രവർത്തനങ്ങൾ ബലപ്പെടുത്തും. പ്രമോട്ടർമാരുടെ സേവനം വകുപ്പുകൾക്ക് കൃത്യമായി ഉപയോഗിക്കാൻ സാധിക്കണമെന്നും പ്രമോട്ടർമാരെ ആഴ്ചയിൽ രണ്ട് ദിവസം മാത്രം ഓഫീസിലും ബാക്കി ദിവസങ്ങളിൽ ഫീൽഡ് പ്രവർത്തനങ്ങൾക്കുമായി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി നടത്തുന്ന ഹോം സർവേകൾ ഫലപ്രദമാക്കുന്നതിനും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പുകൾ പൂർണമായും ഇ-ഫയൽ സംവിധാനത്തിലേക്ക് മാറുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, പട്ടികവർഗ ഡയറക്ടർ ഡോ. രേണുരാജ്, പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്, കലക്ടർ അനുകുമാരി എന്നിവരും മന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.