സ്ത്രീകളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യം; 'പെണ്ണടയാളങ്ങള്‍' സ്ത്രീപദവി പഠനം പദ്ധതിക്ക് തുടക്കം
text_fieldsതിരുവനന്തപുരം :സ്ത്രീകളുടെ നിലവിലെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്താനും അതിനനുസൃതമായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പെണ്ണടയാളങ്ങള്‍' സ്ത്രീ പദവി പഠനം പദ്ധതിയും - ഉദ്യോഗസ്ഥ പരിശീലന പരിപാടിയും വെബ് പേജും മന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും സര്‍വ്വേയിലൂടെ കണ്ടെത്തുന്ന കാര്യങ്ങളില്‍ ഇടപെടല്‍ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളും നാലു മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനും കേന്ദ്രീകരിച്ച് നടത്തുന്ന 'പെണ്ണടയാളങ്ങള്‍' സര്‍വേ പഠനത്തില്‍ 18 നും 60 നും ഇടയില്‍ പ്രായമുളള വനിതകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഓരോ പഞ്ചായത്തിലെയും 1000 കുടുംബങ്ങളെയും കോര്‍പറേഷനിലെ 4000 കുടുംബങ്ങളെയുമാണ് പഠനവിധേയമാക്കുന്നത്.
തൊഴില്‍, വരുമാനം, അധികാര വിനിയോഗം, ആരോഗ്യം, അതിക്രമങ്ങള്‍/ പീഡനങ്ങള്‍, വിനോദം എന്നീ മേഖലകളെ സംബന്ധിച്ച് ഒരോ കുടുംബത്തിലെയും ഒരു സ്ത്രീയില്‍ നിന്ന് വിവരം ശേഖരിക്കും. ഇതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു കമ്മ്യൂണിറ്റി ഫെസിലിറ്റേറ്ററിനെയും രണ്ട് ഡാറ്റാ എന്യുമറേറ്റര്‍മാരെയും നിയമിക്കും.സ്ത്രീകളുടെ നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കി വരും വര്‍ഷങ്ങളില്‍ നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നിലവിലെ പദ്ധതികളില്‍ പരിഷ്‌കരണം നടത്തുകയുമാണ് പദ്ധതി ലക്ഷ്യം.
ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വനിത ശിശു വികസന ഓഫീസര്‍ തുടങ്ങിയവരും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.