താളം തെറ്റിയ മനസ്സുമായെത്തും; പ്രതീക്ഷയുടെ പുനർജന്മവുമായി മടക്കം
text_fieldsകോഴിക്കോട്: താളം തെറ്റിയ മനസ്സുമായി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെത്തി ഏറെനാൾ അനാഥത്വത്തിെൻറ ഇരുട്ടിൽ കഴിഞ്ഞ് ഒടുവിൽ ഉറ്റവരുടെ സ്നേഹസംരക്ഷണത്തിലേക്ക് മടങ്ങുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണമേറുന്നു. ജനുവരി മുതൽ ഇതുവരെയായി ആശുപത്രിയിൽ നിന്ന് മടങ്ങിയത് 30 പേരാണ്. മുൻ ജില്ലകലക്ടർ എൻ. പ്രശാന്തിന്റെ സ്വപ്നപദ്ധതിയായ കംപാഷനേറ്റ് കോഴിക്കോടിനുകീഴിൽ ഇവരുടെ പുനർജന്മത്തിനായി സാമൂഹികപ്രവർത്തകനായ എം. ശിവൻ മുന്നിട്ടിറങ്ങുകയായിരുന്നു.
കേന്ദ്ര ആഭ്യന്തരസുരക്ഷവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം തെൻറ ബന്ധങ്ങളും ഏഴ് ഭാഷകളിലുള്ള പരിജ്ഞാനവും ഉപയോഗിച്ച് ആശുപത്രിയിലെ ഇതരസംസ്ഥാന അന്തേവാസികളുടെ വിലാസം കണ്ടെത്തുകയും ബന്ധുക്കളെ തേടിപ്പിടിക്കുകയും ചെയ്തു. ഇങ്ങനെയാണ് മാനസികാരോഗ്യം വീണ്ടെടുത്ത 30 പേർ 10 മാസത്തിനുള്ളിൽ ഇവിടെനിന്ന് സ്വന്തം വീടിെൻറ തണലിലേക്ക് മടങ്ങിയത്.
മനോനില തെറ്റി പലയിടത്തും അലഞ്ഞുതിരിയുന്നവരെ കോടതി നിർദേശപ്രകാരം പൊലീസാണ് കുതിരവട്ടത്തെത്തിക്കുക. നല്ലൊരുപങ്കും ഇതരസംസ്ഥാനക്കാരാണ് ഇങ്ങനെയെത്തുന്നത്. ചികിത്സയിലൂടെ ഏറെപ്പേരും മനസ്സിെൻറ താളം വീണ്ടെടുക്കുമെങ്കിലും ഭാഷയും മറ്റും പ്രശ്നമായതിനാൽ പിന്നെയും ഏറെക്കാലം ഇവിടത്തെ ഇരുട്ടറകളിൽ കഴിയേണ്ടിവരും. അങ്ങനെയിരിക്കെയാണ് കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയുമായി ബന്ധപ്പെട്ട് ശിവൻ ഇവിടെയെത്തുന്നത്. ആരോടും മിണ്ടാതെ ഇരുട്ടിൽ അടച്ചിരിക്കുന്നവരോട് പല ഭാഷകളിൽ അദ്ദേഹം ആശയവിനിമയം നടത്തി. ഇത്തരത്തിൽ വീട്ടുകാരെ ഓർത്ത് എപ്പോഴും കണ്ണീരൊഴുക്കിയ 16കാരനെയാണ് ആദ്യം കുടുംബത്തിലേക്കെത്തിച്ചത്. പശ്ചിമബംഗാളിലെ മാൽഡ സ്വദേശിയായ ഇയാളുടെ വീട്ടുകാരെ അവിടത്തെ പൊലീസുമായി ബന്ധപ്പെട്ട് ഇവിടെ എത്തിക്കുകയായിരുന്നു.
ആദ്യ ഉദ്യമം വിജയിച്ചതോടെ ആശുപത്രി സൂപ്രണ്ട് ഡോ.എൻ. രാജേന്ദ്രനും മറ്റു ജീവനക്കാരും പ്രോത്സാഹിപ്പിച്ചു. തുടർന്ന് ഇത്തരത്തിൽ രോഗശാന്തി നേടിയ ഓരോരുത്തരോടും സംസാരിച്ച് ശിവൻ തൻറെ ദൗത്യം തുടർന്നു. ഹൈദരാബാദിലെ ആഞ്ജനേയലുവും തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ലക്ഷ്മിയും ഇന്ദോറിലെ ചന്ദയുമെല്ലാം ഇങ്ങനെ വർഷങ്ങൾക്കും മാസങ്ങൾക്കും ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയവരാണ്. ഏറെക്കാലത്തിനുശേഷം തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന വികാരതീവ്രമായ രംഗങ്ങൾക്കാണ് ഓരോ അന്തേവാസിയുടെ മടക്കവേളയിലും ആശുപത്രി സാക്ഷ്യംവഹിക്കുന്നത്. ഇങ്ങനെ മടങ്ങുന്നവരുടെ പ്രാർഥനയും കടപ്പാടും തന്നെയാണ് ആശുപത്രി അധികൃതർക്കും ശിവേട്ടനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.