പത്രമില്ലാതെ സമൂഹത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് ജി. സുധാകരൻ
text_fieldsആലപ്പുഴ: പത്രമില്ലാതെ സമൂഹത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. പത്രത്തിൽ അച്ചടിച്ചുവരുന്നത് ആധികാരിക രേഖയാണ്. ടെലിവിഷൻ മായാലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. സിനിമ കാണുന്നതുപോലെയാണ്. പത്രം എഴുതിയാൽ എഴുതിയതാണ്. പതിറ്റാണ്ടുകളോളം സൂക്ഷിക്കാം. സോഷ്യൽമീഡിയക്ക് പകരമായി പ്രിന്റ് മീഡിയയെ കാണാനാവില്ല. പുതിയ കണക്കനുസരിച്ച് കേരളത്തിൽ 50 ലക്ഷത്തിലധികം കോപ്പികൾ മലയാളപത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ശരാശരി അഞ്ചുപേർ വീതം വായിച്ചാൽ തന്നെ 2.5 കോടി വായനക്കാർ വരും. വായനക്കാർക്ക് താൽപര്യമുണ്ടാകുന്ന വിധത്തിൽ വാർത്തകൾ അവതരിപ്പിക്കണമെന്നത് സുപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബോംബിട്ട് കൊല്ലുന്ന ഇസ്രായേൽ സമീപനം ഫാഷിസം
ആലപ്പുഴ: ആയിരക്കണക്കിന് ആളുകളെ ബോംബിട്ട് കൊല്ലുന്ന ഇസ്രായേൽ സമീപനം ഫാഷിസമാണെന്ന് മുൻമന്ത്രി ജി. സുധാകരൻ. ആലപ്പുഴ പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകൻ സന്തോഷ് കുമാർ പുന്നപ്ര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ 8000 പേരെ കൊല്ലാൻ വർഷങ്ങളെടുത്തു. ഫലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കം 8000 പേരെ ഇസ്രായേൽ കൊന്നത് 25 ദിവസം കൊണ്ടാണ്.
ഹമാസ് തീവ്രവാദികളാണെന്നാണ് മറ്റൊരു പ്രചാരണം. വോട്ടെടുപ്പിലൂടെ ഗസ്സയിൽ അധികാരത്തിലെത്തിയ രാഷ്ട്രീയപാർട്ടിയാണ് ഹമാസ്. ഗസ്സ ഭരിക്കുന്ന അവർക്ക് സായുധസൈന്യവുമുണ്ട്. അന്തർദേശീയ രാഷ്ട്രീയമാണിത്. ഇസ്രായേൽ കാട്ടുന്നത് ജൂതന്മാരുടെ വർഗീയതയാണ്. അൽജസീറ ചാനൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. മാധ്യമങ്ങൾ സത്യവും വസ്തുതയും വിളിച്ചുപറയണമെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല മനോരമ ലേഖകൻ പി. ദിലീപ് അവാർഡ് ഏറ്റുവാങ്ങി. പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ശരണ്യ സ്നേഹജൻ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗം കെ.എ. ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ടി.കെ. അനിൽകുമാർ സ്വാഗതവും ജോയന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.