സൊസൈറ്റി നിക്ഷേപകരിൽനിന്ന് പണം തട്ടിയെന്ന്; കേസെടുത്തു
text_fieldsകാഞ്ഞിരപ്പള്ളി: പാറത്തോട് അഗ്രികൾച്ചറൽ കോഓപറേറ്റിവ് ഇംപ്രൂവ്മെന്‍റ് സൊസൈറ്റിയിൽ സ്ഥിരനിക്ഷേപം നടത്തിയവരിൽനിന്ന് പണം തട്ടിയെടുത്തതായി പരാതി. എട്ടു പേരാണ് പരാതി നൽകിയത്. കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.
സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. സൊസൈറ്റി പ്രസിഡന്‍റ് സൈമൺ ജോസഫ്, സെക്രട്ടറി ടി.എൻ. ഹനീഫ, ജീവനക്കാരി ഷിബിന എന്നിവർക്കെതിരെയാണ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി പാറക്കടവ് കുന്നത്ത് എബി ജോൺ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സൊസൈറ്റിയിൽ സ്ഥിരനിക്ഷേപം നടത്തിയാൽ ബാങ്ക് നിരക്കിനേക്കാൾ ഉയർന്ന പലിശനിരക്ക് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ജനുവരി 11ന് 10 ലക്ഷം രൂപയും 19ന് 2,75,000 രൂപയും സെപ്റ്റംബർ 15ന് അഞ്ചുലക്ഷം രൂപയും സെപ്റ്റംബർ 20ന് മൂന്നുലക്ഷം രൂപയും പിന്നീട് പലപ്പോഴായി 7,50,000 രൂപയും ഇക്കഴിഞ്ഞ ജനുവരി 23ന് ഒരുലക്ഷം രൂപയും ഉൾപ്പെടെ 29,25,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യിച്ചശേഷം ഒന്നരലക്ഷം രൂപ മാത്രം പലിശയായി തിരികെ നൽകിയെന്നാണ് പരാതി.
ബാക്കി പലിശയോ മുതലോ തിരികെ നൽകിയിട്ടില്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും സഹകരണ വകുപ്പിനും നിർദേശം നൽകിയതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.