അഷ്‌റഫ് മലയാളി യാത്രയായി, സൗഹൃദത്തിന്‍റെ പൂക്കാലം ബാക്കിയാക്കി...
text_fieldsസാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യാസ്വാദകനുമായ അഷ്‌റഫ് മലയാളി (52) നിര്യാതനായി. രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എ.എ. മലയാളിയുടെ മകനാണ്.
സൗഹൃദങ്ങളുടെ പൂക്കാലമായിരുന്നു അഷ്‌റഫ് മലയാളിയുടെ ജീവിതം. ഫോട്ടോഗ്രാഫർ, കലാകാരൻ എന്നീ നിലകളിലെല്ലാം ജീവിതം അടയാളപ്പെടുത്തിയ അഷ്‌റഫ് സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരുമായി ഏറെ അടുപ്പം പുലർത്തി. ഒ.വി. വിജയൻ, വി.കെ.എൻ, ഒ.എൻ.വി, ഡി. വിനയചന്ദ്രൻ എന്നിവരുമായെല്ലാം സൗഹൃദം കാത്തുസൂക്ഷിച്ചു. ഒ.വി. വിജയന്‍റെ മരണശേഷം അദ്ദേഹത്തിന് തസ്‌റാക്കില്‍ സ്മാരകം ഒരുക്കുന്നതിന് തുടക്കം മുതല്‍ മുൻനിരയിലുണ്ടായിരുന്നു. മലയാള സാഹിത്യത്തിലും കവിതയിലും അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് അഗാധമായിരുന്നു. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും പി. കുഞ്ഞിരാമന്‍ നായരുടെയും വൈലോപ്പിള്ളിയുടെയും കവിതകള്‍ മനഃപാഠമായിരുന്നു.
വായനക്കിടയിൽ മനസ്സിൽ ഇടംപിടിക്കുന്ന വരികൾക്ക് ദൃശ്യചാരുത നൽകി സുഹൃത്തുക്കൾക്കായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ 'അല' എന്ന കവിതാസമാഹരത്തിലെ കുറുങ്കവിതകൾ പുസ്തകരൂപത്തിലാകും മുമ്പ് സാഹിത്യാസ്വാദകർക്ക് പരിചയപ്പെടുത്തിയത് അഷ്‌റഫ് ആണ്. ചുള്ളിക്കാടിന്‍റെ ചെറുകവിതകളെ കലാപരമായ വായനയിലേക്ക് നയിക്കാൻ ഓരോ കവിതയും മനോഹരമായ പോസ്റ്റുകളാക്കി അഷ്‌റഫ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ചുള്ളിക്കാട് 'അലകൾ' സമർപ്പിച്ചിരിക്കുന്നതും അഷ്‌റഫ് മലയാളിക്കാണ്.
താൻ വായിക്കുന്ന ഒാരോ സൃഷ്ടിയെയും കലാപരമായി സമൂഹ മാധ്യമങ്ങളിൽ അടയാളപ്പെടുത്തിയിരുന്ന അഷ്‌റഫ് ഒരു നിസ്വാർഥ സാഹിത്യ പ്രവർത്തനമാണ് നടത്തിയിരുന്നത്. ഇടശ്ശേരി, മുല്ലനേഴി, സച്ചിദാനന്ദൻ, സാറ ജോസഫ്, ചുള്ളിക്കാട്, വിജയലക്ഷ്മി, റഫീഖ് അഹമ്മദ്, സുഭാഷ് ചന്ദ്രൻ, സരിത മോഹനന്‍ ഭാമ എന്നിവരുടെയെല്ലാം രചനകൾ അഷ്റഫിലൂടെ വർണരൂപം പൂണ്ട് സമൂഹമാധ്യമങ്ങളിലെത്തി. പ്രമുഖരുടെ അവാർഡുനേട്ടങ്ങളും വേർപാടുമെല്ലാം അഷ്‌റഫ് ഇതേ രീതിയിൽ പോസ്റ്റ് ചെയ്തിരുന്നു.
എന്നും ക്യാമറക്ക് പിന്നിലായിരുന്നു അഷ്റഫിന്റെ സ്ഥാനം. സുഹൃത്തുക്കളുടെയും അവർ ഭാഗമാകുന്ന ചടങ്ങുകളുടെയും ഫോട്ടോകൾ പകർത്തി നൽകുന്നതിൽ എന്നും ആനന്ദം കണ്ടെത്തിയിരുന്ന ഫോട്ടോഗ്രാഫർ. മനുഷ്യ സ്‌നേഹത്തിന്‍റെ ആള്‍രൂപമായി അഷ്റഫിനെ ഓർത്തെടുക്കുകയാണ് സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും. സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.