സോഫിയയുടെ ഉള്ളിലുണ്ട്, ആ കോവിഡ് ദിനങ്ങൾ
text_fieldsതൃപ്പൂണിത്തുറ: ആതുരസേവനരംഗത്ത് സ്തുത്യർഹ സേവനം ചെയ്യുന്ന ഭൂമിയിലെ മാലാഖമാരെ ലോകം ഇന്ന് ആദരിക്കുമ്പോൾ അതിലൊരാളായി മാറുകയാണ് സോഫിയ വിദ്യാധരൻ. കോവിഡ് 19 രാജ്യമെങ്ങും വ്യാപിക്കുമ്പോൾ ദൈവത്തിെൻറ സ്വന്തം നാട്ടിലേക്കും ഭീതി വിതച്ച് കടന്നെത്തിയ വൈറസിെൻറ പിടിയിലായവരെ ചികിത്സിക്കാൻ തയാറായി നിന്ന ആദ്യ ബാച്ചിലെ നഴ്സിങ് അസിസ്റ്റൻറാണ് സോഫിയ. ഏഴുവർഷമായി കോട്ടയം മെഡിക്കൽ കോളജിലാണ് സേവനം ചെയ്യുന്നത്.
പത്തനംതിട്ട റാന്നിയിൽ കോവിഡ് ബാധിച്ച വയോ ദമ്പതികളെയാണ് ആദ്യം ശുശ്രൂഷിച്ചത്. 93കാരൻ തോമസിനെയും 88കാരി മറിയാമ്മയെയും സ്വന്തം മാതാപിതാക്കളെപ്പോലെയാണ് തങ്ങൾ ശുശ്രൂഷിച്ചതെന്ന് സോഫിയ പറയുന്നു. ഇരുവരെയും ഒരുമിച്ച് സ്പെഷൽ ഐ.സി.യുവിൽ ശുശ്രൂഷിച്ചത് അനുഗ്രഹമായി കാണുകയാണ്. തങ്ങൾക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല, രോഗികൾ രക്ഷപ്പെടണം എന്ന നിലപാടിെൻറ അടിസ്ഥാനത്തിൽ അവരെ പരിചരിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണെന്നും സോഫിയ പറഞ്ഞു.
വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും പ്രോത്സാഹനവും ജോലിയോടുള്ള താൽപര്യവും വിശ്വസ്തതയുമാണ് മനസ്സിന് ധൈര്യം പകർന്നത്. ഭർത്താവിനെയും മക്കളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊറോണയുടെ ഐസൊലേഷൻ വാർഡിൽ കർമനിരതയായി. എല്ലാവരുടെയും ആത്മാർഥ ശുശ്രൂഷയിൽ വയോദമ്പതികൾ സുഖംപ്രാപിച്ച് സന്തോഷത്തോടെ തിരിച്ചുപോകുമ്പോൾ ക്വാറൻറീനിലായിരുന്നു സോഫിയ ഉൾെപ്പടെയുള്ളവർ.
സോഫിയയുടെ ഭർത്താവ് വിദ്യാധരൻ തൃപ്പൂണിത്തുറ മേക്കര പ്രൈമറി ഹെൽത്ത് സെൻററിൽ നഴ്സിങ് അസിസ്റ്റൻറാണ്. മക്കൾ: ബ്രഹ്മദത്ത്, ദത്താത്രയൻ. ഉദയംപേരൂർ പഞ്ചായത്തിലെ തെക്കൻ പറവൂരിലാണ് താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.