ഇൗ അമ്മ കനിവ് തേടുന്നു; കടമില്ലാതെ മരിക്കാൻ
text_fieldsകോഴിക്കോട്: മസ്തിഷ്കമരണം സംഭവിച്ച മകെൻറ അവയവങ്ങൾ അഞ്ചുപേർക്ക് നൽകി മാതൃകയായ പ്രസന്നക്ക് സമാധാനത്തോടെ മരിക്കണമെങ്കിൽ നാലുലക്ഷം രൂപ വേണം. മറ്റുള്ളവർ ജീവിക്കാൻ സഹായം തേടുേമ്പാൾ, പണയപ്പെടുത്തിയ കിടപ്പാടം കടംവീട്ടി വീണ്ടെടുത്ത് സമാധാനത്തോടെ ഇൗ ലോകത്തുനിന്ന് മറയാനാണ് പ്രസന്ന അഭ്യർഥന നടത്തുന്നത്. അല്ലലും അലട്ടുമില്ലാതെ പ്രസരിപ്പോടെ പൊതുപ്രവർത്തനം നടത്തി കുടുംബത്തോടൊപ്പം ജീവിച്ച പ്രസന്നക്ക് ആരോഗ്യമുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അഭ്യർഥന വേണ്ടിവരില്ലായിരുന്നു. 2013ൽ റോഡപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച മകൻ ദീപുവിെൻറ അവയവങ്ങൾ ദാനം ചെയ്ത ബേപ്പൂർ വലിയപറമ്പിൽ പ്രസന്നയുടെ ജീവിതദുരിതങ്ങൾ സമാനതകളില്ലാത്തതാണ്. പ്രസന്ന വൃക്കരോഗിയായിരിക്കേയാണ് മകൻ റോഡപകടത്തിൽ മരിക്കുന്നത്.
മകെൻറ വൃക്ക സ്വന്തം ശരീരത്തിൽ തുന്നിപ്പിടിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും പ്രസന്ന അതിന് തയാറായില്ല. വൃക്ക മറ്റൊരാൾക്ക് കൊടുക്കാനായിരുന്നു അവരുടെ തീരുമാനം. മകെൻറ കണ്ണും കരളും വൃക്കയും അഞ്ചുപേർക്ക് ഉയിരേകാൻ നൽകി 28 ദിവസം കഴിയുേമ്പാൾ ഏക മകളുടെ ഭർത്താവും മരിച്ചു. മകളുടെ രണ്ടു പെൺകുട്ടികളിൽ ഒരാൾക്ക് സംസാരശേഷിയും കേൾവിയുമില്ല. ഭാരിച്ച ചെലവു താങ്ങാനാകാതെ ആ ചികിത്സയും മുടങ്ങി. നാട്ടുകാരുടെയും കുടുംബത്തിെൻറയും സഹായം കൊണ്ടും കയറ്റിറക്ക് തൊഴിലാളിയായ ഭർത്താവ് സുദർശെൻറ കഷ്ടപ്പെടലുകൊണ്ടും പ്രസന്നയുടെ വൃക്ക മാറ്റിവെച്ചു. നാലു സെൻറ് സ്ഥലത്തിെൻറ ആധാരം ബാങ്കിൽ പണയപ്പെടുത്തിയായിരുന്നു ശസ്ത്രക്രിയയും ആശുപത്രി ചികിത്സയും നടത്തിയത്. ഒമ്പതുമാസം മുമ്പ് ഭർത്താവ് സുദർശനും മരിച്ചതോടെ എല്ലാ വഴികളും അടഞ്ഞു. പഴയ അവസ്ഥയേക്കാൾ ദാരിദ്ര്യവും ഏറി. ബാങ്ക് നോട്ടീസും വന്നിരിക്കുകയാണ്. കടമെടുത്ത രണ്ടര ലക്ഷം രൂപ നാലുലക്ഷേത്താളമായിരിക്കുകയാണ്.
ഇതിനിടെ പ്രസന്നയുടെ ഇരു വൃക്കകളും തകരാറിലായി. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ്. ഒരുദിവസം മുടങ്ങിയാൽ പ്രസന്ന തടിച്ചുവീർക്കും. മകെൻറ വൃക്ക സ്വീകരിച്ച പെട്ടിക്കട നടത്തുന്ന കൊണ്ടോട്ടി സ്വദേശി അബ്ദുറഹിമാെൻറ ഫോൺവിളിയെത്തുേമ്പാൾ പ്രസന്നയുടെ തളർച്ചമാറും. അവയവം മാറ്റിവെച്ച ഒാരോ മനുഷ്യനിലും തെൻറ മകനെ കാണുന്ന അമ്പത്തിരണ്ടുകാരിയായ ഇൗ അമ്മക്ക് വൃക്ക മാറ്റിവെക്കണമെന്നില്ല; കടം വീട്ടിക്കിട്ടണമെന്ന ഒരാഗ്രഹമേയുള്ളൂ. ഒപ്പം ഒന്നുകൂെട പ്രസന്ന പറഞ്ഞുവെക്കുന്നു. തനിക്കൊരു മസ്തിഷ്ക മരണം സംഭവിച്ചാൽ തെൻറ അവയവങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെടുത്തണം. അവ മണ്ണിന്നടിയിലാക്കി പാഴാക്കി കളയരുത്. ദുർവിധി പിടിവിടാതെ വേട്ടയാടിയിട്ടും പ്രസന്ന കരയുന്നില്ല; ദിവസം മുഴുവനും കരഞ്ഞാൽ തീരാത്തത്ര ദുഃഖാനുഭവങ്ങളിലും. A/C -67236890543 എസ്.ബി.െഎ ബേപ്പൂർ ബ്രാഞ്ച്. െഎ.എഫ്.എസ്.സി കോഡ്: 0070190.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.