സോഫ്റ്റ്വെയർ തകരാർ; തുക ലഭിക്കാതെ തപാൽ നിക്ഷേപകർ
text_fieldsതൃശൂർ: തപാൽ ഓഫിസുകളിൽ ബാങ്കിങ് സംവിധാനങ്ങൾ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയർ തകരാറിലായിട്ട് മൂന്ന് ദിവസം. മഹിള പ്രധാൻ ഏജന്റുമാരും എസ്.എ.എസ് ഏജന്റുമാരും (സ്റ്റാൻഡേർഡ് ഏജൻസി സിസ്റ്റം) വഴിയുള്ള റെക്കറിങ് ഡെപ്പോസിറ്റ് (ആർ.ഡി), കാലാവധി നിക്ഷേപങ്ങൾ തുടങ്ങിയ ഇടപാടുകൾക്കായുള്ള ഫിനാക്ക്ൾ സോഫ്റ്റ്വെയറാണ് ശനിയാഴ്ച വൈകീട്ട് മുതൽ തകരാറിലായത്.
ഇതേ പോർട്ടൽ വഴിയാണ് മഹിള പ്രധാൻ ഏജന്റുമാർക്ക് പണമടക്കാനുള്ള ലിസ്റ്റ് എടുക്കേണ്ടത്. ഈ പ്രവർത്തനം സ്തംഭിച്ചതോടെ കാലാവധി പൂർത്തിയായ ആർ.ഡി, എസ്.എ.എസ് ഉൾപ്പെടെ നിക്ഷേപ പദ്ധതികളിലെ തുക തിരികെ ലഭിക്കാതെ പൊതുജനം വലഞ്ഞു.
സെർവർ തകരാറാണ് പ്രശ്നമെന്നും ഭാഗികമായി പരിഹരിച്ചുവരുന്നുണ്ടെന്നും പോസ്റ്റൽ അധികൃതർ പറഞ്ഞു. അതേസമയം, ചൊവ്വാഴ്ച വൈകീട്ട് വരെ ഭൂരിഭാഗം പണമിടപാട് ലിസ്റ്റുകൾ സൈറ്റിൽനിന്ന് കിട്ടുന്നില്ലെന്ന് ഏജന്റുമാർ അറിയിച്ചു. ഈ സേവനം ലഭ്യമല്ലെന്ന അറിയിപ്പാണ് പോർട്ടലിൽനിന്ന് ലഭ്യമാകുന്നത്. പോസ്റ്റ് ഓഫിസിൽനിന്നുള്ള സൗകര്യമനുസരിച്ച ദിവസങ്ങളിലാണ് ഏജന്റുമാർ പണം അടക്കാൻ ഒന്നോ രണ്ടോ ദിവസം ക്രമത്തിൽ എത്തിയിരുന്നത്.
ആ ക്രമം തെറ്റിയെന്ന് മാത്രമല്ല തുക അടക്കേണ്ട തീയതി നീട്ടിയ അറിയിപ്പ് ഇതുവരെ പോസ്റ്റൽ വകുപ്പിൽനിന്ന് ഉണ്ടായിട്ടുമില്ല. നിശ്ചിത തീയതി കഴിഞ്ഞ് അടച്ചാൽ ഏജന്റുമാർക്ക് നിക്ഷേപങ്ങൾക്ക് പിഴപ്പലിശയും നൽകേണ്ടിവരും.
2016 മുതൽ ഇൻഫോസിസിന്റെ കീഴിലുള്ള ഫിനാക്കിൾ സോഫ്റ്റ്വെയർ വഴിയാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്. സർവറിന് ശേഷി കുറവായതിനാൽ നിരന്തരം പ്രതിസന്ധികളിലൂടെയാണ് ആയിരക്കണക്കിന് മഹിള പ്രധാൻ-എസ്.എ.എസ് ഏജന്റുമാർ ഇടപാടുകൾ നടത്തിവരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നാലുദിവസം സർവർ പ്രവർത്തനം നിലച്ചതിനാൽ ഏജന്റുമാർക്ക് പിഴപ്പലിശ നൽകേണ്ടിവന്നിരുന്നു. ഇവ പിന്നീട് തിരിച്ചുലഭിക്കുകയും ചെയ്തു.
സർവറിന്റെ ശേഷി വർധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല. അതേസമയം നിക്ഷേപ മേളകളും മറ്റും നടത്തി പുതിയ കാലാവധി നിക്ഷേപങ്ങളും സ്ഥിര നിക്ഷേപങ്ങളും എത്തുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.