സോളാർ: പുതിയ വെളിപ്പെടുത്തലുകളിൽ ‘തിളച്ച്’ കോൺഗ്രസ് രാഷ്ട്രീയം
text_fieldsകോട്ടയം: സോളാർ വിവാദവും കമീഷൻ റിപ്പോർട്ടും തെരഞ്ഞെടുപ്പുകളിലുൾപ്പെടെ രാഷ്ട്രീയായുധമാക്കിയ സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സി.പി.ഐ നേതാവ് സി. ദിവാകരന്റെയും ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രന്റെയും പുസ്തകങ്ങളിലെ വെളിപ്പെടുത്തലുകൾ വേണ്ടരീതിയിൽ ഉപയോഗിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്ന് കോൺഗ്രസിൽ വിമർശനം. ഉമ്മൻ ചാണ്ടിയെയും കോൺഗ്രസിലെ പ്രമുഖ നേതാക്കളെയും വ്യക്തിപരമായി പൊതുസമൂഹത്തിൽ നാണം കെടുത്താൻ ഉപയോഗിച്ചത് ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടാണ്. എന്നിട്ടും നല്ല അവസരം വന്നപ്പോൾ അത് മുതലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചില്ലെന്ന വിമർശനമാണ് പാർട്ടിയിൽ.
ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത് കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. സി.ബി.ഐക്ക് കൈമാറിയ കേസിൽ അന്വേഷണം നടന്നപ്പോൾ തെളിവില്ലാത്തതിനാൽ നേതാക്കളെ കുറ്റവിമുക്തമാക്കി. എന്നാൽ, സർക്കാറും ഭരണപക്ഷവും രാഷ്ട്രീയായുധമാക്കി ഉപയോഗിച്ച കമീഷനെതിരെ ഗുരുതരമായ ആക്ഷേപം ഉയർന്നപ്പോൾ അത് മുതലാക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം.
പ്രസ്താവനകള് ഇറക്കുന്നതിനപ്പുറം വിഷയം ചര്ച്ചയാക്കിയില്ലെന്ന് എ വിഭാഗം പരാതിപ്പെടുന്നു. ഇതിലുള്ള അസംതൃപ്തി പരസ്യമാക്കി സർക്കാർ മുൻ ചീഫ്വിപ്പ് കെ.സി. ജോസഫ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തി. പുറത്തുവരുന്ന വെളിപ്പെടുത്തലുകളെ ലാഘവത്തോടെ കോൺഗ്രസ് നേതൃത്വം തള്ളിയെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം.വിഷയം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്ന് കെ.സി. ജോസഫ് വിമർശിച്ചു. ‘പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും യു.ഡി.എഫ് കൺവീനർ എം.എം. ഹസനും താനുമാണ് പ്രതികരിച്ചത്.
കമീഷന്റെ പിന്നാമ്പുറ കഥകൾ പുറത്തുവരുമ്പോൾ കോൺഗ്രസ് അത് കുറച്ചുകൂടി ഗൗരവത്തോടെ എടുക്കേണ്ടതായിരുന്നു. നല്ലൊരു പ്രചാരണായുധം ലഭിക്കുമ്പോൾ അൽപം വൈകിയാണെങ്കിലും കോൺഗ്രസ് നേതൃത്വം ഇത് ഗൗരവത്തിലെടുക്കണം. ഉമ്മൻ ചാണ്ടിയുടെ സത്യസന്ധതയും സംശുദ്ധമായ പൊതുജീവിതവും വെളിപ്പെടുന്ന അവസരത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്താൻ ലഭിക്കുന്ന അവസരമാണിത്. അത് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കണമെന്നും കെ.സി. ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.