വരുന്നു, മണിയാപറമ്പ്-മുഹമ്മ റൂട്ടിൽ സോളാർ ബോട്ട്; പ്രതിദിന ചെലവ് 350 രൂപ
text_fieldsകോട്ടയം: ‘ആദിത്യക്ക്’ പിന്നാലെ മറ്റൊരു സോളാർ ബോട്ടുകൂടി ജില്ലയിലേക്കെത്തുന്നു. മുഹമ്മ-ചീപ്പുങ്കൽ-മണിയാപറമ്പ് റൂട്ടിൽ സോളാർ ബോട്ട് സർവിസിന് ജലഗതാഗത വകുപ്പ് തീരുമാനം.
നിലവിലുള്ള ഡീസൽ ബോട്ടിന് പകരമായാണ് പുതിയ സർവിസ്. വൈദ്യുതിയിലും സോളാറിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഇതിൽ 30 പേർക്ക് സഞ്ചരിക്കാൻ കഴിയും.
ബോട്ടിന്റെ നിർമാണം പള്ളിപ്പുറത്തെ യാർഡിൽ അന്തിമഘട്ടത്തിലാണ്. അടുത്ത ആഴ്ചയോടെ ബോട്ട് നീറ്റിലിറക്കുമെന്നും തുടർന്ന് മിനുക്കുപണികൾകൂടി പൂർത്തിയാക്കി അടുത്തമാസത്തോടെ സർവിസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.
നിലവിൽ ഡീസൽ ബോട്ടാണ് ഇവിടെ സർവിസ് നടത്തുന്നത്. ഇതിന് പ്രതിദിനം 10,000ത്തോളം രൂപയുടെ ഡീസലാണ് ആവശ്യം. സോളാറിലേക്ക് മാറുന്നതോടെ പ്രതിദിന പ്രവർത്തനച്ചെലവ് 350 രൂപയായി കുറയും. സൂര്യപ്രകാശം കുറയുന്ന ഘട്ടങ്ങളിൽ വൈദ്യുതിയിലാകും ബോട്ടിന്റെ പ്രവർത്തനം. ഇത്തരത്തിൽ രാത്രി സർവിസിനടക്കം വൈദ്യുതി ചാർജിങ്ങിനുള്ള ചെലവാണ് 350 രൂപ. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ മൂന്നു മണിക്കൂര്‍ വരെ യാത്ര ചെയ്യാം.
യാത്രക്കാർ നാമമാത്രമായതിനാൽ നിലവിൽ മുഹമ്മ-മണിയാപറമ്പ് റൂട്ടിൽ കാര്യമായ വരുമാനമില്ല. എന്നാൽ, പുറംലോകവുമായി ബന്ധപ്പെടാൻ ഇവിടത്തുകാർക്ക് ബോട്ട് മാത്രമാണ് ഏക യാത്രാമാർഗം. സ്വന്തമായി വള്ളമില്ലാത്ത കരീമഠം, വാദ്യമേക്കരി, കൂരിച്ചാൽ, കോലടിച്ചിറ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും യാത്ര ബോട്ടിലാണ്.
ബോട്ട് മുടങ്ങുന്നത് ഇവരെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ചെലവ് കുറക്കാനായി സോളറിലേക്ക് മാറ്റാനുള്ള തീരുമാനം. മുടങ്ങാതെ സർവിസും നടത്താൻ കഴിയും.
കഴിഞ്ഞ ഒക്ടോബർ 30ന് നിലവിൽ സർവിസ് നടത്തുന്ന യാത്രബോട്ട് കരീമഠം പെണ്ണാർ തോട്ടിൽവെച്ച് വള്ളത്തിലിടിച്ചിരുന്നു. അപകടത്തിൽ വള്ളത്തിൽ യാത്രചെയ്തിരുന്ന വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി അനശ്വര മരിച്ചിരുന്നു. ഇതേ തുടർന്ന് നീണ്ട ഇടവേളക്കുശേഷം അടുത്തിടെയാണ് വീണ്ടും ഈ റൂട്ടിൽ ബോട്ട് സർവിസ് ആരംഭിച്ചത്.
വൈക്കത്തിനും തവണക്കടവിനും ഇടയില്‍ സർവിസ് നടത്തുന്ന സോളാർ ബോട്ട് ‘ആദിത്യ’ വൻ സാമ്പത്തികലാഭം നേടിയിരുന്നു. രാജ്യത്തെതന്നെ ആദ്യ സംരംഭമായിരുന്നു ഇത്.
ഇത് വൻ വിജയമായതോടെ സംസ്ഥാനത്തെ 50 ശതമാനം ബോട്ടുകളും സോളാറിലേക്ക് മാറ്റാൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ സോളാറില്‍ പ്രവര്‍ത്തിക്കുന്ന 30 സീറ്റുള്ള യാത്രാബോട്ടുകളും രണ്ടാം ഘട്ടമായി 75ഉം 100ഉം സീറ്റുള്ള ബോട്ടുകള്‍ ഇറക്കാനുമാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.