സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി
text_fieldsകാസർകോട്: സോളാർ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് റിമാൻഡിലായ പ്രതി സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനായാണ് മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ കൂടുതൽ ക്വാറന്‍റീൻ സൗകര്യമുള്ളത് പരിഗണിച്ചാണ് നടപടി. കണ്ണൂർ വനിതാ ജയിലിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ സരിതയുടെ ഫലം നെഗറ്റീവായിരുന്നു.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കേസിലാണ് സരിത നായരെ ഈ മാസം 27 വരെ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കോഴിക്കോട് കസബ പൊലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേസിൽ നേരത്തെ വിധി പറയാൻ നിശ്ചയിച്ചെങ്കിലും പ്രതികളാരും ഹാജരാവാത്തതിനെ തുടർന്ന് മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതി വിധി ഏപ്രിൽ 27ലേക്ക് മാറ്റുകയായിരുന്നു. വിധി ദിവസം ഹാജരാവാത്തതിനെ തുടർന്ന് രണ്ടാംപ്രതി സരിത നായരുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
നടക്കാവ‌് സെൻറ് വിൻസെന്‍റ് കോളനി 'ഫജർ' ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ നൽകാമെന്ന‌് പറഞ്ഞ‌് 42.7 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ‌് കേസ‌്. ഹൈകോടതിയിൽ നിന്ന് കീഴ്ക്കോടതിയിൽ ഹാജരാവുന്നതിന് ഇളവ് നൽകിയത് നിലനിൽക്കുന്നുവെന്ന് കാണിച്ച് സരിതക്ക് വേണ്ടി നൽകിയ ഹരജി നേരത്തേ കോടതി തള്ളിയിരുന്നു. ഹൈകോടതി നൽകിയ ഇളവിന്‍റെ കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തിയാണ് നടപടി. ഒന്നാം പ്രതി ബിജു രാധാകൃഷ‌്ണൻ കേസിൽ നേരത്തേ ജാമ്യമെടുത്തിരുന്നു. മൂന്നാം പ്രതി മണിമോനെതിരെ നേരത്തേ വാറന്‍റ് നിലവിലുണ്ട്.
സോളാർ കേസിലെ നിലവിലെ കേസുകൾ കൂടാതെ ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങിയെന്ന പരാതിയിലും സരിത നായർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓലത്താന്നി, തിരുപുറം സ്വദേശികളില്‍ നിന്ന് കെ.ടി.ഡി.സി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി.
ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവുകൾ നൽകി എന്നാണ് നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 11 ലക്ഷം തട്ടിയെന്ന ഓലത്താന്നി സ്വദേശി അരുണിന്റെ പരാതിയിൽ സരിത നായരെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഈ കേസിലും സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.