സോളാർ കേസിൽ നിലപാട് മയപ്പെടുത്തി സർക്കാർ; സരിതയുടെ പരാതിയിൽ അന്വേഷണം വൈകും
text_fieldsതിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിൽ പൊതുകാര്യങ്ങൾ മാത്രം അന്വേഷിച്ചാൽ മതിയെന്ന് മന്ത്രിസഭാ യോഗ തീരുമാനം. സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണസംഘത്തെ വിപുലീകരിച്ചുകൊണ്ട് ഇന്ന് ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഏതെല്ലാം കേസുകൾ പ്രത്യേകം അന്വേഷിക്കണമെന്ന് ഉത്തരവിൽ പറയില്ല. പകരം റിപ്പോർട്ടിന്മേൽ പൊതു അന്വേഷണമായിരിക്കും ഉണ്ടാകുക. വിഷയത്തിൽ അരിജിത്ത് പസായത്തിന്‍റെ നിയമോപദേശം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.
അതേസമയം, സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ വൈകും. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും സരിതയുടെ പരാതിയിൽ തീരുമാനമെടുക്കുക. വിജിലൻസിലെ ഏതാനും ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും.
കമ്മിഷൻ റിപ്പോർട്ടിന്‍റെയും നിയമോപദേശത്തിന്‍റെയും അടിസ്ഥാനത്തിൽ രാഷ്ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരവും സരിതയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കുറ്റത്തിനു മാനഭംഗക്കേസും റജിസ്റ്റർ ചെയ്യുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പ്രത്യേക സംഘം അന്വേഷണത്തിൽ വീഴ്ച വരുത്തിയ കേസുകൾ വീണ്ടും അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലാണ് സർക്കാർ പ്രതിപക്ഷത്തിനെതിരെയുള്ള നിലപാട് മയപ്പെടുത്തിയത്.
പസായത്ത് നൽകിയ നിയമോപദേശ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരടക്കമുള്ളവർ ഇന്നലെ നടന്ന യോഗത്തിൽ ചർച്ച ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.