സോളാർകേസ്: ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നതായി സി.ബി.ഐ റിപ്പോർട്ട്. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരപരാമർശമുള്ളത്. കേരള കോൺഗ്രസ്(ബി) നേതാവ് ഗണേശ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും സി.ബി.ഐ പറയുന്നു.
പരാതിക്കാരി ജയിലിൽ നിന്ന് എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. തന്റെ സഹായിയെ വിട്ട് ഗണേശ് കുമാർ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. ഗണേശ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പീഡനക്കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. കേസിൽ സി.ബി.ഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാൾ ആയിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
കത്തിത്തീരാതെ സോളാർ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ചാരമാകുമെന്ന് കരുതിയ സോളാർ പീഡനക്കേസ് വീണ്ടും കത്തിപ്പടരുന്നു. കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ആസൂത്രിത ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിപക്ഷം രംഗത്തെത്തി.
യു.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കുന്നതിനായി സി.പി.എം ആശീർവാദത്തോടെ നടന്നതാണ് ഗൂഢാലോചനയെന്നും തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയോട് ചെയ്തതിനാണ് ഇന്ന് പിണറായി വിജയൻ അനുഭവിക്കുന്നതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ഗൂഢാലോചനക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ നിയമസഭയിലും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും തീരുമാനം. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ പ്രവർത്തിച്ചെന്ന് ആരോപണമുയർന്ന ഗണേഷ് കുമാർ എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും അറിയിച്ചു.
സോളർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കേസിലെ ഇരയുമായി ദല്ലാൾ നന്ദകുമാർ ഗൂഢാലോചന നടത്തിയതായാണ് സി.ബി.ഐ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിയെ കുറ്റമുക്തനാക്കി ഈ മാസം മൂന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. സോളാർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി പത്തനംതിട്ട സബ്ജയിലിൽ കഴിയവെ, തനിക്കുണ്ടായ പീഡനം സംബന്ധിച്ച് പരാതിക്കാരി കത്തെഴുതിയിരുന്നു. ഈ കത്ത് കേരള കോൺഗ്രസ് (ബി) ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണപിള്ള മകൻ ഗണേഷ് കുമാറിന്റെ അനുയായിയായ പ്രദീപ് കോട്ടാത്തലയെക്കൊണ്ട് ജയിലിൽനിന്ന് വാങ്ങി. കത്ത് സൂക്ഷിക്കാൻ ബന്ധു ശരണ്യ മനോജിനെയാണ് പിള്ള ഏൽപിച്ചത്. 21 പേജുള്ള കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല.
എന്നാൽ, പരാതിക്കാരിയെ ദല്ലാൾ നന്ദകുമാർ പിന്നീട് ജയിലിൽ സന്ദർശിക്കുകയും രാഷ്ട്രീയ നേതാക്കളുടെയും ഇവരുടെ മക്കളുടെയും സിനിമ താരങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തിയ 19 പേജുള്ള കത്ത് ഇവരിൽനിന്ന് 50 ലക്ഷം രൂപ കൊടുത്ത് വാങ്ങിയതായാണ് സി.ബി.ഐക്ക് ലഭിച്ച മൊഴി. ഇതിന് മുന്നോടിയായി 1.25 ലക്ഷം ഇവർക്ക് നന്ദകുമാർ നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയിൽനിന്ന് വാങ്ങിയ കത്തിൽ ഒന്ന് നന്ദകുമാർ കൊച്ചിയിലെ പ്രമുഖ ചാനൽ റിപ്പോർട്ടർ വഴി വാർത്തയാക്കി. പീഡനവിവരം സാക്ഷിയായി പറയണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി പി.സി. ജോർജിനെ സമീപിച്ചിരുന്നു. പീഡനവേളയിൽ ഉമ്മൻ ചാണ്ടി ധരിച്ചിരുന്ന വേഷവും തന്റെ വേഷവും സമയവുമൊക്കെ പേപ്പറിൽ എഴുതി നൽകി. ഇക്കാര്യം ജോർജ് സി.ബി.ഐക്കുമുന്നിൽ സമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിക്ക് ഗണേഷുമായുള്ള ബന്ധത്തെ തുടർന്ന് ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം ബാലകൃഷ്ണപിള്ള ഒരുക്കികൊടുത്ത വീട്ടിലായിരുന്നു ഇവർ താമസിച്ചതെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.