ഒത്തുതീർപ്പിന് സി.പി.എം മുൻകൈ: പത്തുവർഷത്തിനിപ്പുറവും ചോദ്യമുന
text_fieldsതിരുവനന്തപുരം: സോളാർ സമരം തീർക്കാൻ സി.പി.എം മുൻകൈ എടുത്തുവെന്ന വെളിപ്പെടുത്തലോടെ അണിയറയിലെ ഒത്തുതീർപ്പ് ധാരണകളെക്കുറിച്ചുള്ള ചോദ്യമുനയിൽ മുന്നണിയും പാർട്ടിയും. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളടക്കം സൃഷ്ടിച്ച സോളാർ പ്രക്ഷോഭത്തിലെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് വളയൽ സമരം 30 മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചത് അന്നേ സംശയനിഴലിലായിരുന്നു.
ജോൺ ബ്രിട്ടാസിന്റെ ഫോൺ കോളിൽ തുടങ്ങി ഇടപെട്ട വ്യക്തികളുടെ ആശയവിനിമയ വഴികളും ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനവും പിന്നാലെ സമരം പിൻവലിക്കലും വരെയുള്ള സംഭവഗതികളും സവിസ്തരം അക്കമിട്ടാണ് പുതിയ വെളിപ്പെടുത്തലുകൾ. ജോൺ ബ്രിട്ടാസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചെറിയാൻ ഫിലിപ് തുടങ്ങി നേരിട്ട് ഇടപെട്ടവരെല്ലാം ‘ഇടപെടൽ’ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആദ്യം ആര് വിളിച്ചുവെന്നതിൽ മാത്രമാണ് സംശയം ശേഷിക്കുന്നത്.
സി.പി.ഐ നേതാവ് സി. ദിവാകരന്റെ ആത്മകഥ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പും വിഷയം ചർച്ചയായിരുന്നു. ‘സോളാർ സമരത്തിന്റെ അന്ത്യനിമിഷങ്ങളിൽ എ.കെ.ജി സെന്ററിൽ നടന്ന യോഗത്തിൽ എന്ത് നടന്നുവെന്നതിനെക്കുറിച്ച് ഒന്നും ഞാൻ രേഖപ്പെടുത്തുന്നില്ല’ എന്നായിരുന്നു ദുരൂഹത അവശേഷിപ്പ ആത്മകഥയിലെ പരാമർശമെങ്കിൽ പുറത്ത് മാധ്യമങ്ങളോട് ദിവാകരൻ അൽപം കൂടി വ്യക്തത വരുത്തിയിരുന്നു. സമരം അവസാനിപ്പിച്ചത് യു.ഡി.എഫ് സർക്കാറുമായി ഇടതുമുന്നണി നേതൃത്വമുണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നെന്നും ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇടനിലക്കാരനായതെന്നുമായിരുന്നു വെളിപ്പെടുത്തൽ.
അന്ന് അണികൾ മാത്രല്ല, നേതാക്കളും ഇരുട്ടിലായി
സമരം തുടങ്ങിയതിന് പിന്നാലെ ധൃതിപ്പെട്ട് അവസാനിപ്പിക്കേണ്ടി വന്നത് അണികൾക്ക് മാത്രമല്ല, നേതാക്കൾക്കും ഉൾക്കൊള്ളാനാകുമായിരുന്നില്ല. നാലോ അഞ്ചോ ദിവസം നീളുന്ന സമരത്തിന് സജ്ജരായാണ് പതിനായിരക്കണക്കിന് പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത്.
ഒത്തുതീർപ്പ് ധാരണ ഉരുത്തിരിഞ്ഞതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം നേതാക്കൾ മിനിറ്റുകൾക്കകം എ.കെ.ജി സെന്ററിൽ യോഗം ചേർന്നാണ് പിൻവലിക്കൽ പ്രഖ്യാപിച്ചത്.
സമരം 30 മണിക്കൂർ കൊണ്ട് പിൻവലിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും ഒന്നോ രണ്ടോ ദിവസം കൂടി തുടർന്നിരുന്നെങ്കിൽ സമ്മർദത്തിൽ ഉമ്മൻ ചാണ്ടി രാജിവെക്കുമായിരുന്നുവെന്ന് ഐസക് തുറന്നടിച്ചതും ഈ ഘട്ടത്തിലാണ്.
സമരം പിൻവലിച്ചതോടെ വലിയ അതൃപ്തിയും നിരാശയും പാർട്ടിക്കുള്ളിലുയർന്നു. സെക്രട്ടേറിയറ്റ് ഉപരോധസമരത്തിന്റെ ക്ലൈമാക്സ് പാളിയതിൽ പ്രവർത്തകരും നിരാശയിലായിരുന്നു. ഈ ക്ഷീണം തീർക്കാനാണ് ഉമ്മൻ ചാണ്ടിയെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് പിന്നീട് പാർട്ടി സെക്രട്ടറിയായ പിണറായി വിജയന് പ്രഖ്യാപിക്കേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.