‘വീട്ടില്‍ ഇരിക്കേണ്ടിവന്നാലും യു.ഡി.എഫിലേക്കില്ല; പരാതിക്കാരിയുമായി നേരിട്ട് ബന്ധമില്ല’ കെ.ബി. ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: വീട്ടിലിരിക്കേണ്ടിവന്നാലും യു.ഡി.എഫിലേക്കില്ലെന്ന് കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എ. പരാതിക്കാരിയുമായി നേരിട്ട് ബന്ധമില്ല. ഏത് സി.ബി.ഐയും അന്വേഷിക്കട്ടെ, ഉമ്മന്‍ ചാണ്ടിയുടെ ക്ലീന്‍ ചിറ്റിന് കാരണക്കാരന്‍ പിണറായി വിജയനാണ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം മുഖ്യമന്ത്രിയോട് നന്ദിപറയണമെന്നും ഗണേഷ് പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ എന്നെയും പ്രതിക്കൂട്ടിൽ നിർത്തി ചർച്ച നടക്കുന്നു. 2013 ഏപ്രിൽ ഒന്നിന് വ്യക്തിപരമായ കാരണങ്ങളാൽ യു.ഡി.എഫ് സർക്കാറിൽ നിന്നും രാജിവെച്ചയാളാണ് ഞാൻ. അത്, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചത്. അത്, ഈ ലോകത്ത് എല്ലാവർക്കും അറിയാം.
എനിക്ക് മറച്ച് പിടിക്കാൻ ഒന്നുമില്ല. ഞാൻ രഹസ്യം സൂക്ഷിക്കുന്നയാളാല്ല. കപട സദാചാരം അഭിനയിച്ച് കേരള രാഷ്ട്രീയത്തിൽ നിൽക്കുന്നയാളല്ല ഞാൻ. അഞ്ച് തെരഞ്ഞെടുപ്പുകൾ ഞാൻ ജയിച്ചു. ഞാൻ എം.എൽ.എയായ ശേഷം കണ്ട അഴിമതികൾ നിയമസഭയിൽ ഉന്നയിച്ചു. മാധ്യമങ്ങൾക്ക് മുൻപിലല്ല അഴിമതി ഉന്നയിച്ചത് ഈ സഭയിലാണ്. എെൻറ ബന്ധുവായ മനോജ് എന്നയാളോട് എന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണിപ്പോൾ പറയുന്നത്. അത്, ശരിയല്ല. എനിക്ക് ഈ പരാതിക്കാരിയുമായോ, ഈ കേസുമായി ഒരു ബന്ധമില്ല.
എെൻറ സ്വകാര്യ ജീവിതത്തിൽപോലും ഒന്നും മറച്ചുപിടിക്കാനില്ല. ഞാൻ സ്നേഹത്തിെൻറ രാഷ്ട്രീയം കൊണ്ടു നടക്കുന്നയാളാണ്. സോളാർ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ എന്നെ സമീപിച്ചു. ഹെബി ഈഡൻ, ഉമ്മൻ ചാണ്ടി എന്നിവരെ കുറിച്ചാണ് ചോദിച്ചത്. എനിക്കൊന്നും അറിയില്ലെന്നാണ് ഞാൻ പറഞ്ഞത്. തൊട്ടടുത്ത ദിവസം ഉമ്മൻചാണ്ടിയോട് ഞാൻ ഇക്കാര്യം പറഞ്ഞു. എെൻറ പിതാവാണ് ആ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്ന് എന്നോട് പറഞ്ഞത്. ഷാഫി പറമ്പിൽ ഭയപ്പെടേണ്ട, രാഷ്ട്രീയ അഭയം തന്ന എൽ.ഡി.എഫ് വിട്ട് ഒരിക്കലും യു.ഡി.എഫിലേക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.