സോളാർ ആഘാതത്തിൽനിന്ന് കരകയറാനുള്ള തന്ത്രങ്ങളുമായി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സോളാർ ആഘാതത്തിൽനിന്ന് പാർട്ടിയെയും പ്രതിസ്ഥാനത്തുള്ള നേതാക്കളെയും കരകയറ്റാനുള്ള മാർഗങ്ങളെപ്പറ്റി കോൺഗ്രസ് നേതൃത്വം ആലോചന തുടങ്ങി. കേസെടുത്ത് അന്വേഷിക്കാനുള്ള സർക്കാർ തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. സർക്കാറിെൻറ നടപടിയിൽ ആശങ്കയുള്ളപ്പോഴും അതൊന്നും തങ്ങളെയോ പാർട്ടിയെയോ തളർത്തില്ലെന്ന് വരുത്തി അണികളുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനാണ് നേതൃത്വം ആദ്യഘട്ടത്തിൽ ശ്രദ്ധിക്കുന്നത്. ഹൈകമാൻഡുമായി സംസ്ഥാന നേതൃത്വം വെള്ളിയാഴ്ച ഡൽഹിയിൽ ചർച്ചനടത്തുന്നുമുണ്ട്. സർക്കാർ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുന്നതിന് സോളർ കമീഷൻ റിപ്പോർട്ട് ലഭിച്ചേ മതിയാകൂ. റിപ്പോർട്ടിെൻറ പകർപ്പ് ലഭിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനായി വിവരാവകാശനിയമപ്രകാരവും കോടതി മുഖേനയും നീങ്ങാനാണ് തീരുമാനം. റിപ്പോര്‍ട്ടിലെ അഴിമതി പരാമര്‍ശങ്ങളേക്കാള്‍ എല്ലാവരെയും ആശങ്കപ്പെടുത്തുന്നത് ലൈംഗികപീഡന ആരോപണവും അതേക്കുറിച്ചുള്ള അന്വേഷണവുമാണ്.
അതില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് കേസില്‍ ബന്ധപ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് നേതാക്കൾ പ്രധാനമായും ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാം. അത് മറികടക്കാനുള്ള വഴിയെക്കുറിച്ചാണ് പ്രധാനമായും ആലോചന. സോളാർ വിഷയത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കിക്കഴിഞ്ഞു. തനിക്കെതിരായ ആരോപണത്തിെൻറ ഒരംശമെങ്കിലും സത്യമെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ഉമ്മൻ ചാണ്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടും അതനുസരിച്ചുള്ള നടപടി റിപ്പോർട്ടും ആറുമാസത്തിനകം നിയമസഭയിൽ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, റിപ്പോർട്ടിൽ തങ്ങളെ സംബന്ധിച്ച് പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രിതന്നെ പരസ്യമാക്കിയ സാഹചര്യത്തിൽ ഇൗ കാലപരിധിക്ക് മുമ്പ് റിപ്പോർട്ടിെൻറ സമ്പൂർണരൂപം ലഭിക്കാൻ അർഹതയുണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. റിപ്പോർട്ടിെൻറ പകർപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഉമ്മൻ ചാണ്ടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിക്കഴിഞ്ഞു. പകർപ്പ് ലഭിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
സോളർ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുംമുമ്പ് വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടിയിലും കോൺഗ്രസിന് അമർഷമുണ്ട്. മുഖ്യമന്ത്രിയുടെ നടപടി നിയമസഭ ചട്ടങ്ങൾക്ക് നിരക്കാത്തതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ നടപടി അവകാശലംഘനമായി ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് സ്പീക്കർക്ക് കത്തും നൽകി. സഭയിൽ സമർപ്പിക്കുംമുമ്പ് ജുഡീഷ്യൽ കമീഷൻ റിപ്പോര്‍ട്ടിനെക്കുറിച്ച് സഭക്ക് പുറത്ത് ഒരു മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തി പറയുന്നത് ആദ്യസംഭവമാണെന്ന് അവകാശലംഘന നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവകുപ്പ് സെക്രട്ടറിക്കുപകരം, ഭരണപക്ഷത്തിെൻറ രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന അഡ്വക്കറ്റ് ജനറലിെൻറയും മറ്റും നിയമോപദേശം സ്വീകരിച്ച് കമീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ വ്യാഖ്യാനങ്ങളും നടപടികളും തീരുമാനിക്കുകയായിരുെന്നന്നാണ് കോൺഗ്രസിെൻറ ആക്ഷേപം. കമീഷെൻറ കണ്ടെത്തലുകളായി സർക്കാർ അവതരിപ്പിച്ചത് വെറും രാഷ്ട്രീയഭാഷ്യം മാത്രമാണെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.
വെള്ളിയാഴ്ച ഹൈകമാൻഡുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ സോളാറുമായി ബന്ധപ്പെട്ട പുതിയ സാഹചര്യവും അത് മറികടക്കാനാവശ്യമായ തന്ത്രങ്ങളും ചർച്ചയാകും. സംസ്ഥാന നേതാക്കൾ മടങ്ങിയെത്തിയശേഷം കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കുന്നതും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.