ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല: സോളാർ കേസിൽ വി.എസിനെ തള്ളി സർക്കാർ കോടതിയിൽ
text_fieldsതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിൽ വി.എസ്. അച്യുതാനന്ദെൻറ വാദങ്ങൾ തള്ളി സർക്കാർ. സരിത എസ്. നായരുടെ ടീം സോളാര്‍ കമ്പനിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പങ്കുള്ളതായി തെളിവില്ലെന്ന് സര്‍ക്കാറിനുവേണ്ടി അഭ്യന്തര അഡീഷനൽ സെക്രട്ടറി രാജശേഖരൻനായർ കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ മുമ്പാകെ മൊഴി നൽകി. സോളാർ കേസിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി നല്കിയ മാനനഷ്ടക്കേസിലാണിത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അന്വേഷിച്ച ശിവരാജന് കമീഷനും ഉമ്മൻ ചാണ്ടിയുടെ പങ്ക് കണ്ടെത്താനായില്ല. കമീഷന് മുന്നില്‍ ഹാജരായ പല സാക്ഷികളും ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചിരുന്നു. എന്നാൽ, ഇവർക്ക് തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും സർക്കാർ വിശദീകരിച്ചു. മാനനഷ്ടക്കേസിൽ വി.എസ്. അച്യുതാനന്ദൻ ഹാജരാകാത്തതിനാൽ എതിർവിസ്താരം 17 ലേക്ക് മാറ്റി.
വി.എസിനെതിരെ നൽകിയ 10ലക്ഷം രൂപയുടെ മാനനഷ്ടക്കേസിൽ കഴിഞ്ഞതവണ ഉമ്മൻ ചാണ്ടി നേരിട്ടെത്തി മൊഴി നൽകിയിരുന്നു. തുടർന്ന് കോടതി കേസിെൻറ തുടർനടപടികൾക്കായി അഭിഭാഷക കമീഷനെ ചുമതലപ്പെടുത്തുകയായിരുന്നു.
േസാളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് 2013 ജൂലൈ ആറിന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ഉന്നയിച്ച ആരോപണങ്ങളാണ് കേസിനാധാരം. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ കോടിക്കണക്കിനുരൂപ തട്ടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പിന്തുണ നൽകിയതായാണ് വി.എസ് സ്വകാര്യചാനലിലൂടെ ആരോപിച്ചത്. ഇതിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.